തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം

തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം. തെരുവുകളില്‍ സ്ഥാപിക്കുന്നതിന് 2021- 22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ഇഡി ലൈറ്റുകള്‍ വാങ്ങുന്നതിന് നഗരസഭ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി 18,000 എല്‍ഇഡി ലൈറ്റുകള്‍ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നും 2,450 രൂപ നിരക്കില്‍ വാങ്ങാനുള്ള കരാറിലാണ് നഗരസഭ ഏര്‍പ്പെട്ടത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ ടെന്‍ഡര്‍ വേണമെന്നിരിക്കെ ഇത് മറികടന്ന് ഫോണിലൂടെ കരാര്‍ നല്‍കുകയായിരുന്നു. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ 2,350 രൂപ നിരക്കില്‍ എല്‍ഇഡി ലൈറ്റുകള്‍ നല്‍കാമെന്ന് വ്യക്തമാക്കിയിട്ടും യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കരാര്‍ നല്‍കിയതില്‍ രാഷ്ട്രീയ താല്‍പര്യം ഉണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നും ടെന്‍ഡര്‍ കൂടാതെ എല്‍ഇഡി ലൈറ്റുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ വിശദീകരണം. അഴിമതിയുണ്ടെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മേയര്‍ അറിയിച്ചു. തിരുവനന്തപുരം നഗരസഭ 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിലവിലുള്ള ട്യൂബ് ലൈറ്റ് മാറ്റി എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു. മാത്രമല്ല പുതിയ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 30.01.2021-ലെ കൗണ്‍സില്‍ യോഗം 20,000 എല്‍.ഇ.ഡി ലൈറ്റുകള്‍ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 17.02.2021ലെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ 10,000 എല്‍.ഇ.ഡി ലൈറ്റുകള്‍ അടിയന്തിരമായി സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സിയായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍നിന്നും വാങ്ങുന്നതിനും തീരുമാനിച്ചു.

എല്‍.ഇ.ഡി ലൈറ്റ് വയ്ക്കുന്നതിന് എല്ലാ സാധന സാമഗ്രികളുള്‍പ്പെടെ യൂണിറ്റ് ഒന്നിന് 2,480/- രൂപ നിരക്കില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ടി നടപടി 19.03.2021-ലെ കൗണ്‍സില്‍ തീരുമാനം അംഗീകരിച്ചിരുന്നു. ടി കൗണ്‍സില്‍ യോഗത്തില്‍ ഒരംഗം പോലും ഇക്കാര്യത്തില്‍ വിയോജനം രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നിരക്കില്‍ എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയതിലൂടെ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ആരോപണമുണ്ട്. ക്രമക്കേട് ആരോപണത്തില്‍ തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കാനാണ് പ്രതിപക്ഷമായ ബിജെപിയുടെ തീരുമാനം.