മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണം ; ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മുക്കി

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ,ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധനയില്‍ ലഭ്യമായില്ല. ഹാര്‍ഡ് ഡിസ്‌ക് പൊലീസിന് കിട്ടിയില്ല. ഹോട്ടലിലെ പരിശോധന അവസാനിപ്പിച്ച് പൊലീസ് മടങ്ങി. തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കാനാണ് നീക്കം. നേരത്തെ പൊലീസിന് കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ അധികൃതര്‍ ഒളിപ്പിച്ചെന്ന് പൊലീസിന് സംശയമുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലാണ് പരിശോധന. കേസില്‍ പിടിയിലായ ഡ്രൈവര്‍ അപകട സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കും.

കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അപകടത്തില്‍പ്പെട്ട വാഹനം ഹോട്ടലില്‍ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാര്‍ട്ടി നടന്ന ഹാളിലെയും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ അബ്ദുറഹ്മാന് അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. നിലവില്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇയാള്‍ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് പുലര്‍ച്ചേ നമ്പര്‍ 18 ഹോട്ടലില്‍ സംഘടിപ്പിച്ച പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുന്‍ മിസ് കേരള അന്‍സി കബീറടക്കം മൂന്നു പേര്‍ വൈറ്റിലയില്‍ ദാരുണമായി വാഹനാപകടത്തില്‍ മരിച്ചത്.

അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ മൊഴി നല്‍കിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഹോട്ടലില്‍ പരിശോധ നടത്തിയത്. ഡിജെ പാര്‍ടിയുടെ വിശദാംശങ്ങള്‍, മുന്‍ മിസ് കേരള അടക്കം ഇവിടെനിന്ന് മടങ്ങിയതിന്റെ വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും തേടുന്നത്. കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉളളപ്പോഴാണ് ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് രാവേറെ നീളുന്ന പാര്‍ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവില്‍പ്പന നടത്തിയതിനാണ് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് തൊട്ടടുത്ത ദിവസം സസ്‌പെന്‍ഡ് ചെയ്തത്.