ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാനുള്ള പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം.  ഫീച്ചര്‍ തെരഞ്ഞെടുക്കുന്ന ക്രിയേറ്റേഴ്‌സിന്റെ കണ്ടന്റ് കാണാന്‍ ഉപയോക്താക്കള്‍ പണം നല്‍കേണ്ടി വരും. യു.എസിലും ഇന്ത്യയിലും ഇന്‍സ്റ്റാഗ്രാമിന്റെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ലിസ്റ്റിങിലാണ് പുതിയ ഫീച്ചര്‍ കാണിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ‘ടെക് ക്രഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ ഇന്‍ ആപ്പ് പര്‍ച്ചേസ് വിഭാഗത്തിന് കീഴിലാണ് ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ സെക്ഷന്‍ കാണിക്കുന്നത്. പുതിയ ഫീച്ചറിന്റെ വിപുലമായ ലോഞ്ചിനെക്കുറിച്ചുള്ള സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലും യു.എസിലും ഈ ഫീച്ചറിന് നല്‍കേണ്ട ഫീസും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയില്‍ 0.99 ഡോളര്‍ (ഏകദേശം 73 രൂപ) മുതല്‍ 4.99 ഡോളര്‍ (ഏകദേശം 360 രൂപ) വരെയാണ് സബ്സ്‌ക്രിപ്ഷന്‍ ഫീച്ചറിന് നല്‍കേണ്ടത്. പ്രതിമാസം 89 രൂപയാണ് ഇന്ത്യയിലെ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. സാധാരണ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും കണ്ടന്റ് ക്രിയേറ്റേഴ്‌സിനും ഇന്‍ഫ്‌ലൂവന്‍സേഴ്‌സിനും അവരുടെ ഉള്ളടക്കത്തിന് പണമീടാക്കാന്‍ ഇത് അവസരമൊരുക്കും. പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ യു.കെ ആപ്പ് സ്റ്റോറിലും ലിസ്റ്റ് ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പുതിയ ഫീച്ചര്‍ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതായത് ഇനി മുതല്‍ വീഡിയോ ഫോട്ടോസ് എല്ലാം സൗജന്യമായി കാണുവാന്‍ സാധിക്കില്ല എന്ന് സാരം.