മുല്ലപ്പെരിയാര്‍ ; വിവാദ മരംമുറി ഉത്തരവ് റദ്ദാക്കി

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.കടുത്ത പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് ആണ് റദാക്കിയത്. നിര്‍ണായക വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി ആലോചന നടത്തിയില്ലെന്നും സംസ്ഥാന താല്‍പര്യം പരിഗണിക്കാത്ത ഉത്തരവിറക്കുകയായിരുന്നുവെന്നും മന്ത്രിസഭ വിലയിരുത്തി. കേന്ദ്ര വനം, പരിസ്ഥിതി നിയമത്തിന് വിരുദ്ധമാണ് ഉത്തരവെന്നും ക്യാബിനറ്റ് നിലപാടെടുത്തു.

തമിഴ്‌നാടിന്റെ ആവശ്യപ്രകാരം ബേബി ഡാം ബലപ്പെടുത്താന്‍ പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവിറക്കിയതില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ശനിയാഴ്ച കത്തയച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മുല്ലപ്പെരിയാറില്‍ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് ഇന്ന് വ്യക്തമായിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന വാദമാണ് രേഖകള്‍ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബര്‍ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമര്‍ശിക്കുന്നത്.