മുല്ലപ്പെരിയാര്‍ മരം മുറി ; അഞ്ചാം ദിവസവും മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

വിവാദമായ മുല്ലപ്പെരിയാറിലെ മരംമുറി അനുമതി വിഷയത്തില്‍ അഞ്ചാം ദിവസവും മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് വനം,ജലവിഭവ മന്ത്രിമാര്‍ വ്യത്യസ്ത മറുപടികള്‍ നല്‍കിയെങ്കിലും സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അന്തര്‍സംസ്ഥാന നദീതല വിഷയങ്ങളും മുല്ലപ്പെരിയാര്‍ സെല്ലിന്റെ ചുമതലയും മുഖ്യമന്ത്രിക്കാണ്. മുല്ലപ്പെരിയാറില്‍ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നടത്തിയ പ്രസ്താവന കളവാണെന്ന് രേഖകള്‍ തെളിയിക്കുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന വാദമാണ് രേഖകള്‍ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബര്‍ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമര്‍ശിക്കുന്നത്.

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്.ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റര്‍ മാത്രമാണ് ഉള്ളത് യോഗത്തിന്റെ മിനിറ്റ്‌സ് ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മരം മുറിക്കല്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സഭയില്‍ തിരുത്തിയതിന് മുമ്പ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത് അവകാശ ലംഘനമാണ്. സംയുക്ത പരിശോധന ഉന്നതാധികാര സമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിയുടെ മറുപടി സഭയെ അവഹേളിക്കുന്നതും ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നതുമാണ്. സുപ്രിംകോടതിയില്‍ കേരളത്തിന്റെ കേസ് ഇല്ലാതാകുന്നെന്നും അദ്ദേഹം പറഞ്ഞു. വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കേരളത്തോട് സമാധാനം പറയണമെന്ന് പറഞ്ഞ അദ്ദേഹം മുല്ലപ്പെരിയാറിലെ മരം മുറിക്കല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സുപ്രിംകോടതിയിലെ കേസ് തോറ്റുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്നും നിയമ സഭയെ പരിഹസിച്ചെന്നും വി ഡി സതീശന്‍ ആരോപിച്ചു.