സ്വാതന്ത്ര്യ സമര പ്രസ്താവന ; കങ്കണയെ വിമര്‍ശിച്ച് ബി.ജെ.പി വക്താവ്
സ്വാതന്ത്ര്യസമര പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പിയുടെ ഡല്‍ഹി വക്താവ്. കങ്കണയുടെ വിവാദ പ്രസ്താവന സ്വാതന്ത്ര്യസമര നായകരേയും അവരുടെ ത്യാഗത്തേയും അവഹേളിക്കുന്നതാണെന്നും, നടിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി നേതാവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ന് ശേഷമല്ലെന്നും 2014 മുതലാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനെ സൂചിപ്പിച്ചായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947 ല്‍ രാജ്യത്തിന് ലഭിച്ചത് ഭിക്ഷയായിരുന്നുവെന്നും ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ കങ്കണ പറഞ്ഞു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് വിവിധകോണുകളില്‍ നിന്നും ഉയര്‍ന്നത്.
സ്വാതന്ത്ര്യ സമരസേനാനിയുടെ മകനെന്ന നിലയില്‍, സ്വാതന്ത്ര്യസമര ചരിത്രത്തെ തള്ളിപ്പറഞ്ഞുള്ള കങ്കണ റണാവത്തിന്റെ വാക്കുകള്‍ അങ്ങേയറ്റം നിന്ദ്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് നടന്നിരിക്കുന്നത്. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്നും പ്രവീണ്‍ കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി നേതാവായ വരുണ്‍ ഗാന്ധിയും നേരത്തെ കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി രംഗത്തുവന്നിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ധീരമായി പോരാടിയവര്‍ക്ക് സ്വാതന്ത്ര്യവും, ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ യാചിച്ചു നിന്നവര്‍ക്ക് മാപ്പും ലഭിച്ചെന്നായിരുന്നു കങ്കണക്ക് കോണ്‍ഗ്രസ് നല്‍കിയ മറുപടി. ചരിത്രത്തേയും ഭരണഘടനയേയും നിന്ദിച്ച കങ്കണക്ക് സമ്മാനിച്ച പത്മ അവാര്‍ഡ് തിരിച്ചെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസും പറഞ്ഞു. നടിയുടെ വിവാദ പരാമര്‍ശത്തില്‍ നേരത്തെ ആം ആദ്മി പാര്‍ട്ടി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മികച്ച നടി ആണെങ്കിലും അമിതമായ മോദി ഭക്തി കാരണം വിവാദങ്ങള്‍ അകപ്പെടുക കങ്കണയുടെ സ്ഥിരം പരിപാടി ആയിക്കഴിഞ്ഞു.