ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ല ; സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും രാഹുല്‍ ഗാന്ധി. ‘ജന്‍ ജാഗ്രന്‍ അഭിയാന്‍’ എന്ന പേരിലുള്ള കോണ്‍ഗ്രസ് പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പേരിലുള്ള പുസ്തകത്തില്‍ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേര്‍ത്തുപറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ഖുര്‍ഷിദിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും ഒരേ സംഗതിയാണോ? ആണെങ്കില്‍ രണ്ടിനും ഒരേ പേര് പോരേ? രണ്ടും തീര്‍ത്തും വ്യത്യസ്തമായ സംഗതികളാണ്. മുസ്‌ലിംകളെയും സിഖുകാരെയുമെല്ലാം കൊല്ലുന്നത് ഹിന്ദൂയിസമാണോ? ഹിന്ദുത്വയാണത്-രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ദേശീയതയുടെയും പ്രത്യയശാസ്ത്രം ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും വിദ്വേഷ പ്രത്യയശാസ്ത്രത്തില്‍ മുങ്ങിപ്പോയെന്നും രാഹുല്‍ ഗാന്ധി സമ്മതിച്ചു. ഇക്കാര്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. സ്വന്തം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ശക്തമായി പ്രചരിപ്പിക്കാനാകാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.