ലഹരി ഉപയോഗം കുറ്റമല്ല ; പിഴയും തടവ് ശിക്ഷയും ഒഴിവാക്കുവാന്‍ കേന്ദ്രം
ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കിയുള്ള നിയമം ഭേദഗതി നടപ്പിലാക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി NDPSAയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്യും. ലഹരി ഉപയോഗിക്കുന്നവര്‍ക്കുള്ള നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും. അവര്‍ക്ക് 30 ദിവസത്തെ കൗണ്‍സിലിങ്ങ് നല്‍കും. ലഹരി വിമുക്തി പ്രോഗ്രാമും തയ്യാറാക്കും. അതേസമയം ലഹരിക്കടത്തുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച ബില്‍ ഈമാസം ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ലഭിക്കുന്ന വിവരങ്ങള്‍.
എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. എന്നാല്‍ എത്രയളവില്‍ ലഹരി ഉപയോഗിക്കാം എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്ത വരുത്തിയിട്ടില്ല. പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉന്നത സര്‍ക്കാര്‍ വകുപ്പുകള്‍ ഈ വിഷയത്തില്‍ സമവായമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.