കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍…?

1984 ജനുവരി 22 ലെ സാധാരണ പുലര്‍കാലം. ആലപ്പുഴയിലെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു അതിരാവിലെ ഒരു ഫോണ്‍ കാള്‍ എത്തി.ലാന്‍ഡ് ഫോണ്‍ പോലും അപൂര്‍വ്വമായ ആ കാലഘട്ടത്തില്‍ കുന്നം എന്ന സ്ഥലത്ത് തണ്ണിമുക്കം വയലിനടുത്ത് ഒരു കാര്‍ കത്തുന്നുണ്ടെന്നും അതിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍ കാണുന്നുണ്ടെന്നുമായിരുന്നു നാട്ടുകാരില്‍ ആരോ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു പറഞ്ഞത്. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണന്‍ ആശാരി എന്ന വ്യക്തിയാണ് ആ കാള്‍ വിളിച്ചത്. കേരളം മറക്കാത്ത ഒരു കൊടും ക്രൂരതയുടെ ആദ്യ ചുരുള്‍ അഴിക്കുവാനുള്ള ഫോണ്‍ കാള്‍ ആണ് താന്‍ ചെയ്തത് എന്ന് രാധാകൃഷ്ണനും ആ കോളിന് മറുപടി നല്‍കിയ പോലീസുകാരനും അന്ന് അറിഞ്ഞിട്ടുണ്ടാകുകയില്ല.

സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഉടന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി പി.എം. ഹരിദാസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തിയപ്പോള്‍ എസ്‌ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും ആ കാര്‍ കത്തി തീര്‍ന്നിരുന്നില്ല. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു കൊള്ളികള്‍ നിറഞ്ഞ ഒരു തീപ്പെട്ടിയും റബര്‍ ഗ്ലൗസും ഒരു ജോഡി ചെരിപ്പും പൊലീസിന് ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ വയലില്‍ ആരോ ഓടിപ്പോയതു പോലെ കാല്‍പ്പാടുകളും ലഭിച്ചു. ഗ്ലൗസില്‍നിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയില്‍ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാംപിളായി ശേഖരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാര്‍ ഉപയോഗിച്ചിരുന്നത് ഗള്‍ഫുകാരനായ സുകുമാരകുറുപ്പാണെന്ന് വിവരം കിട്ടി. ഡിവൈഎസ്പി ഹരിദാസ് കുറുപ്പിന്റെ അളിയന്‍ ഭാസ്‌കരപിള്ളയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. വിദേശത്തു ശത്രുക്കളുള്ള സുകുമാരക്കുറുപ്പിനെ അവരിലാരോ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു ഭാസ്‌കരപിള്ള പൊലീസിന് ആദ്യം മൊഴി നല്‍കിയത്. കത്തിയ കാറിന്റെ ഉടമയും പിള്ളയായിരുന്നു.

കാര്‍ കത്തിയ വിവരം കാട്ടു തീ പോലെ പടര്‍ന്നു. മണിക്കൂറുകള്‍ക്കകം അവിടെ ജനങ്ങളെ കൊണ്ട് നിറഞ്ഞു. പൊലീസ് സര്‍ജന്‍ ഡോ.ബി.ഉമാദത്തന്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനെത്തി. വയല്‍ വരമ്പത്ത് ഓലമറകെട്ടി അവിടെ തന്നെ വിശദമായ രീതിയില്‍ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. പൊലീസിന് കേസില്‍ സംശയം തോന്നാന്‍ ഉണ്ടായ ആദ്യ തെളിവുകള്‍ അപ്പോള്‍ മുതല്‍ക്കാണ് ലഭിച്ചു തുടങ്ങിയത്. ശരീരം മുഴുവന്‍ കത്തിക്കരിഞ്ഞിരിക്കുന്നു. എല്ലുകളും പല്ലുകളും പരിശോധിച്ചു. കൊല്ലപ്പെട്ടയാള്‍ക്ക് ആറടി ഉയരവും 30-35 വയസ്സ് പ്രായവും ഉണ്ടെന്നു വ്യക്തമായി. കേട്ടറിവ് വച്ച്, ശരീരത്തിന്റെ രൂപവും ഉയരവും വണ്ണവും വച്ച് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുണ്ട്. ശരീരം മുഴുവന്‍ പെട്രോള്‍ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. ഓടുന്ന കാറിനു തീപിടിച്ചാല്‍, സാധാരണഗതിയില്‍ ഡ്രൈവറുടെ ദേഹത്തു പെട്രോള്‍ വീഴില്ല. കാറിന്റെ ഡോര്‍ അകത്തുനിന്നു തുറക്കാന്‍ കഴിയാത്തവിധം ലോക്കായിട്ടുമില്ല.

ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചു. അവിടെ കരിയുടെ അംശമില്ല.
തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ കരിയുടെ അംശം ശ്വാസകോശത്തില്‍ ഉണ്ടാകേണ്ടതാണ്. അതായത്, ഡ്രൈവര്‍ മരിച്ച ശേഷമാണ് കാറിനും ശരീരത്തിനും തീപിടിച്ചതെന്ന് ഉറപ്പ്. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. ആമാശയം പരിശോധിച്ചപ്പോള്‍ രൂക്ഷഗന്ധം കലര്‍ന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ‘ആരാണു കൊല്ലപ്പെട്ടത്?’ ഡോ.ഉമാദത്തന്‍ ഡിവൈഎസ്പി ഹരിദാസിനോടു ചോദിച്ചു. ‘സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാള്‍…’കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാല്‍ പോരെ? ‘പറയപ്പെടുന്ന ഒരാള്‍’ എന്ന് പറയാന്‍ എന്താണു കാരണം? ഉമാദത്തനു സംശയം. ഹരിദാസ് പറഞ്ഞു: ‘ചില സംശയങ്ങളുണ്ട്. പക്ഷേ, തെളിവു ശേഖരിക്കണം…’

സുകുമാരക്കുറുപ്പ് ദീര്‍ഘകാലം അബുദാബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തയാളാണ്. ആഡംബര ജീവിതത്തില്‍ വലിയ താല്‍പര്യമുണ്ട്. നാട്ടില്‍ വീട്, ആലപ്പുഴയിലെ പുതിയ രണ്ടുനില വീടിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. അപകടം നടക്കുമ്പോള്‍ സഞ്ചരിച്ചിരുന്ന പഴയ കാറിനു പുറമെ പുതിയ കാര്‍ വാങ്ങിയിട്ടുണ്ട്. കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്പോള്‍ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകള്‍, വാച്ച്, മോതിരം എന്നിവ മൃതദേഹത്തില്‍ കണ്ടതുമില്ല. സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ ഗള്‍ഫുകാരന്‍ പുതിയൊരു കാര്‍ വീടിന്റെ പോര്‍ച്ചില്‍ കിടക്കുമ്പോള്‍ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ, നിലവാരം കുറഞ്ഞ അടിവസ്ത്രം ധരിച്ച് പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ? ഈ ചോദ്യത്തിനായിരുന്നു ഹരിദാസിന് ഉത്തരം വേണ്ടിയിരുന്നത്.

സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ സ്മിത ഭവനം പൊലീസ് നിരീക്ഷണത്തിലായിരുന്നു. അത്രയും വേണ്ടപ്പെട്ടയാള്‍ മരിച്ചെന്നറിഞ്ഞിട്ടും ആ വീട്ടില്‍ ആര്‍ക്കും ദുഃഖമുണ്ടായിരുന്നില്ല. അക്കാലത്ത് വിശേഷ ദിവസങ്ങളില്‍ മാത്രം പാചകം ചെയ്യാറുള്ള കോഴിയിറച്ചിക്കറി ഒരു ദിവസം ഉച്ചഭക്ഷണത്തിന് വീട്ടുകാര്‍ തയാറാക്കിയതായും പൊലീസ് കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ മാറാലകള്‍ കരിപിടിച്ചതായി പൊലീസ് കണ്ടെത്തിയത് മറ്റൊരു വിവരത്തിലേക്കുള്ള ചൂണ്ടുപലകയായി. അതുപോലെ പ്രതികളില്‍ ഒരാളായ ഭാസ്‌ക്കര പിള്ളയുടെ ഓവര്‍ കോണ്‍ഫിഡന്‍സും കുറുപ്പിന് പാരയായി. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് ഭാസ്‌കരപിള്ള മാവേലിക്കര പൊലീസ് സ്റ്റേഷനിലെത്തിയത്. മുഴുക്കൈയന്‍ ഉടുപ്പിന്റെ കൈകള്‍ താഴ്ത്തി ബട്ടണ്‍ ധരിച്ചിരുന്നു. ഭാസ്‌കരപിള്ള ആരും നിര്‍ദേശിക്കാതെ തന്നെ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഹരിദാസിനെ കണ്ടപാടെ കൈകൂപ്പി വണങ്ങി സ്റ്റേഷന്റെ മൂലയിലേക്കു മാറി പതുങ്ങി നിന്നു. സാധാരണ കുറ്റവാളികളാണ് അത്തരം ശരീരഭാഷ പ്രകടിപ്പിക്കാറുള്ളത്. സംശയം തോന്നിയ ഹരിദാസ് അയാളോട് ഷര്‍ട്ടിന്റെ കൈകള്‍ മുകളിലേക്കു തെറുത്തുകയറ്റാന്‍ നിര്‍ദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു.

കത്തിയ കാറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഭാസ്‌കരപിള്ളയെ ചെങ്ങന്നൂര്‍ എസ്‌ഐ ക്രിസ്റ്റിബാസ്റ്റിന്‍ കൂട്ടിക്കൊണ്ടുവന്നു. അയാളുടെ കണ്‍പോളയിലും പുരികത്തും കൈയിലും തുടയിലും പൊള്ളലേറ്റ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഭാസ്‌കരപിള്ളയോട് ചോദിച്ചപ്പോള്‍ കാറിന്റെ യഥാര്‍ഥ ഉടമ ഭാര്യാസഹോദരീ ഭര്‍ത്താവായ സുകുമാരക്കുറുപ്പാണെന്നും അയാള്‍ തലേദിവസം കാറുമായി അമ്പലപ്പുഴയില്‍ പോയിട്ടു വന്നിട്ടില്ലെന്നും അപകടത്തില്‍ കാറിനുള്ളില്‍പ്പെട്ട് കത്തി മരിച്ചതാകാമെന്നും പറഞ്ഞു. ഭാസ്‌കരപിള്ളയുടെ ദേഹത്തിലെ പൊള്ളലുകളെപ്പറ്റി ചോദിച്ചപ്പോള്‍ വെളുപ്പിനെ തണുപ്പകറ്റാന്‍ തീകാഞ്ഞപ്പോള്‍ തീപ്പൊരി പൊട്ടിത്തെറിച്ച് മുഖത്തുവീണു പൊള്ളിയതാണെന്നു പറഞ്ഞു. തുടയിലും കയ്യിലും തീപ്പൊരി വീണാല്‍ പൊള്ളലുണ്ടാകുകയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ചൂടുവെള്ളം പാത്രത്തോടെ എടുത്തപ്പോള്‍ അബദ്ധത്തില്‍ തട്ടിമറിഞ്ഞ് കയ്യിലും കാലിലും വീണതാണ് എന്നാക്കി വിശദീകരണം. അയാളുടെ സംസാരത്തിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ പുതിയ കഥകള്‍ വന്നു.

താന്‍ ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ പണം സുകുമാരക്കുറുപ്പ് കബളിപ്പിച്ചെടുത്തെന്നും വൈരാഗ്യം തീര്‍ക്കാന്‍ കുറുപ്പിനെ കൊന്ന് കാറിലിട്ട് പെട്രോള്‍ ഒഴിച്ചുകത്തിച്ചതാണെന്നുമായിരുന്നു ഒരു കഥ. ഡ്രൈവിങ് അറിയാത്ത ഭാസ്‌കരപിള്ള എങ്ങനെ കുറുപ്പിന്റെ ശവശരീരവുമായി തണ്ണിമുക്കം വയലില്‍ എത്തി എന്നു ചോദിച്ചപ്പോള്‍ വണ്ടാനത്തു നിന്ന് താനും കുറുപ്പും കൂടി മാവേലിക്കരയ്ക്ക് വരുമ്പോള്‍ ഒരാളിന്റെ ദേഹത്ത് കാറിടിച്ച് അയാള്‍ മരിച്ചു എന്നും വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം വണ്ടിയിലിട്ട് കത്തിച്ചു എന്നുമായി അടുത്ത കഥ. ഭാസ്‌ക്കരപിള്ള പറയുന്നത് മുഴുവന്‍ കള്ളക്കഥയാണെന്ന് വ്യക്തമായി.കള്ളക്കഥകളെല്ലാം പൊളിഞ്ഞപ്പോള്‍ അവസാനം ഭാസ്‌കരപിള്ളക്ക് സത്യം പറയേണ്ടി വന്നു.

തുടരും…