മിസ് കേരളയുടെ അപകട മരണം ; പിന്തുടര്‍ന്ന് വന്ന ഓഡി കാര്‍ ആരുടേത്…? ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കൊച്ചി : കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അപകടത്തില്‍പ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി കഴിഞ്ഞു ഇറങ്ങിയതിനു പിന്നാലെ ഹോട്ടലില്‍നിന്ന് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നതായാണ് ഇയാളുടെ മൊഴി. ഇത് ഉറപ്പിക്കാവുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതുപോലെ കാറുകളുടെ മത്സരയോട്ടം നടന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഹോട്ടലില്‍നിന്നു മടങ്ങുമ്പോള്‍ കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരുന്നതായാണ് പൊലീസ് വിശദീകരണം.

വിഡിയോ ദൃശ്യങ്ങളിലുള്ള വാഹനം ഇവരെ ലക്ഷ്യമിട്ടു തന്നെയാണോ അതിവേഗത്തിലെത്തിയത് എന്നതിലും വ്യക്തത വരാനുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള അബ്ദുല്‍ റഹ്മാനെ പൊലീസിന് തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കൂ. അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമ ആണെന്നാണ് പൊലീസിന് സംശയമുള്ളത്. എന്നാല്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.

ഉടമയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് ഹോട്ടലുടമയുടെ ഡ്രൈവര്‍ മെല്‍വിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി ജെ പാര്‍ട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടര്‍ന്ന് പിന്തുടര്‍ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ആഷിഖ്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അഞ്ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചു.