കനത്ത മഴയില്‍ മുങ്ങി തിരുവനന്തപുരം ; വന്‍ നാശനഷ്ടം ; റോഡ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ശക്തമായി തുടരുന്ന മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം. വിതുര, പൊന്‍മുടി, നെടുമങ്ങാട് , നെയ്യാറ്റിന്‍കര മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നെയ്യാറ്റിന്‍കര ദേശീയപാതയിലെ കൂട്ടപ്പന മരുത്തൂര്‍ പാലത്തിന്റ പാര്‍ശ്വഭിത്തി തകര്‍ന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാര്‍ കാരണം തിരുവനന്തപുരത്തേക്കും, നാഗര്‍കോവിലിലേക്കും ഉള്ള വാഹനങ്ങളെ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്.

തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ പെയത ശക്തമായ മഴയാണ് വലിയ ദുരിതം വിതച്ചത്. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്. നാഗര്‍കോവില്‍ – കന്യാകുമാരി റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. നാഗര്‍ കോവില്‍- കോട്ടയം പാസഞ്ചറും നാളെ പുറപ്പെടേണ്ട ചെന്നെ- എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സും പൂര്‍ണ്ണമായും റദ്ദാക്കി. ഐലന്‍ഡ് എക്‌സപ്രസ്സും അനന്തപുരിയും അടക്കം 10 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടും. കനത്ത മഴയെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണ്ണ് മാറ്റാന്‍ തുടങ്ങിയത്.

വിഴിഞ്ഞത്ത് വീടുകള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് സമീപം മണ്ണിടിഞ്ഞു. തിരദേശത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടിമലത്തുറ വിഴിഞ്ഞം കോവളം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. അരുവിക്കര നെയ്യാര്‍ പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. സാഹചര്യം നേരിടാന്‍ നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കോവളം ഗംഗയാര്‍തോട് കരകവിഞ്ഞു. സമീപത്തെ കടകളില്‍ വെള്ളം കയറി. വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷന്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.