മുല്ലപ്പെരിയാര്‍ ഹരജി പരിഗണിക്കുന്നത് മാറ്റി ; കാരണമായത് ബേബി ഡാമിലെ മരം മുറി ഉത്തരവ്
മുല്ലപ്പെരിയാര്‍ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. തമിഴ്നാടിന്റെ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. ഹരജി മാസം 22 ന് വീണ്ടും പരിഗണിക്കും. ബേബിഡാമില്‍ അറ്റകുറ്റപ്പണിക്കും, മരം മുറിക്കാനും അനുമതി നല്‍കുകയും പിന്നീട് പിന്‍വലിച്ചതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാടിന്റെ വാദം. ഇതില്‍ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം മാത്രമേ മറുപടി പറയാന്‍ കഴിയൂ എന്നായിരുന്നു കേരളത്തിന്റെ മറുപടി. 142 അടിയിലേക്ക് റൂള്‍ കര്‍വ് എത്തിക്കണമെന്നാണ് തമിഴ്നാടിന്റെ നിലപാട്. പുതിയ ഡാമും നിലവിലെ ഡാമിന്റെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
അതേസമയം മുല്ലപ്പെരിയാറിലെ മരംമുറിക്കുള്ള അനുമതിക്കായി കഴിഞ്ഞ വര്‍ഷം തന്നെ വനംവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതിന്റെ രേഖ പുറത്ത്. ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതല്‍ പങ്ക് പുറത്തുവരുന്നത്. അതിനിടെ മരംമുറി ഉത്തരവ് റദ്ദാക്കിയ നടപടി തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഉന്നയിച്ചതില്‍ പ്രതികരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തയ്യാറായില്ല.
മരംമുറിക്കുള്ള അനുമതിക്കായി കഴിഞ്ഞ ഒക്ടോബര്‍ 19നാണ് വനം പ്രിന്‍സിപ്പില്‍ സെക്രട്ടറി കത്ത് നല്‍കിയത്. ബേബി ഡാം ബലപ്പെടുത്താന്‍ മരംമുറിക്ക് അനുമതി വേഗത്തിലാക്കാനാണ് കത്തിലെ നിര്‍ദ്ദേശം. അതിവേഗം നടപടി എടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് പിസിസിഎഫ് അടക്കം വകുപ്പിലെ നാല് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എല്ലാം അറിഞ്ഞു എന്നതിന്റെ നിരവധി തെളുവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതിനിടെയാണ് വനംവകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ കത്ത് കൂടി പുറത്താകുന്നത്.