ഈജിപ്തില്‍ തേളുകള്‍ കൂട്ടത്തോടെ നാട്ടില്‍ ഇറങ്ങി ; ആക്രമണത്തില്‍ മൂന്നു മരണം

ഹോളിവുഡ് സിനിമയായ മമ്മി കാണാത്തവര്‍ കുറവാകും. ഈജിപ്തില്‍ ആണ് ആ സിനിമയുടെ കഥ നടക്കുന്നത്.പല ഭാഗങ്ങളായി പുറത്തു വന്ന ആ സിനിമയുടെ മിക്ക ഭാഗങ്ങളിലുംഅപകടകാരികളായ തേളുകളെ കാണിച്ചിട്ടുണ്ട്. കൂട്ടമായ അവയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നതും അവയില്‍ കാണിക്കാറുണ്ട്. എന്നാല്‍ സിനിമയില്‍ ഉള്ള കാര്യം യഥാര്‍ഥത്തില്‍ നടന്നിരിക്കുകയാണ് ഈജിപ്തില്‍.
ഈജിപ്തിലെ തെരുവുകളിലും ഗ്രാമങ്ങളിലും നിറഞ്ഞ അപകടകാരികളായ തേളുകളുടെ ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചത് . 453 പേര്‍ക്ക് തേളുകളുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവം ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കൊവിഡ് വാക്സിനേഷന്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ അടക്കം ഗ്രാമപ്രദേശങ്ങളില്‍ ചികില്‍സക്കായി നിയോഗിചിരിക്കുകയാണ് ഇപ്പോള്‍.

നൈല്‍ നദിയുടെ തീരത്തുള്ള തെക്കന്‍ നഗരമായ ആസ്വാനിലാണ് തേളുകള്‍ ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഭീഷണിയിലായ ഈ പ്രദേശത്ത് കൂനിന്‍േമല്‍ കുരുപോലെ തേളുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് മാളങ്ങള്‍ നികന്നതിനെ തുടര്‍ന്നാണ് പല തരത്തിലുള്ള തേളുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തേളുകള്‍ മാത്രമല്ല, പാമ്പുകളും തെരുവുകളില്‍ നിറഞ്ഞതായി ഈജിപ്ത് വാര്‍ത്താ ഏജന്‍സി അല്‍ അഹ്റാം റിപ്പോര്‍ട്ട് ചെയ്തു.
നൈല്‍ നദിക്കരയിലുള്ള ഗ്രാമങ്ങളില്‍ വ്യാപകമായി തേളുകള്‍ ഇറങ്ങിയതായി അല്‍ അറബിയ മിസ്ര് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞുങ്ങളും പ്രായം ചെന്നവരുമാണ് ഏറ്റവും കൂടുതല്‍ ഭീഷണിയിലായത്. തേളുകളുടെ ആക്രമണത്തില്‍ മരിച്ച രണ്ട് പേര്‍ കുട്ടികളും ഒരാള്‍ വൃദ്ധനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ നൂറു കണക്കിനാളുകള്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സയിലാണ്.

ഇവിടങ്ങളില്‍ വിഷ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ കൂടുതലായി എത്തിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തേളുകളുടെ ആക്രമണത്തിനിരയായവരെ ചികില്‍സിക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും എത്തിച്ചിട്ടുണ്ട്. വാക്സിനേഷന്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ അടക്കം ഇതിനായി തിരിച്ചുവിളിച്ചതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. മരങ്ങളുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശം വ്യക്തമാക്കുന്നു. തേളുകളുടെ ആക്രമണം സാധാരണഗതിയില്‍ മരണകാരണമാവാറില്ലെങ്കിലും കുട്ടികളിലും പ്രായം ചെന്നവരിലും ഇത് ഗുരുതരാവസ്ഥക്ക് കാരണമാവാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തിലുള്ള 1500 ഇനം തേളുകളില്‍ 30 ഓളം എണ്ണത്തിനു മാത്രമാണ് മരണകാരണമാവാനിടയുള്ള വിഷം ഉള്ളൂ എന്നിരുന്നാലും കുട്ടികള്‍ക്ക് ഭീഷണിയാണ്.