കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു

കോഴിക്കോട് ചെറുകുളത്തൂരില്‍ ആണ് നിര്‍മ്മാണത്തിലുരുന്ന വീട് തകര്‍ന്നു വീണത്. വീടിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി എന്നാണ് അവസാനം ലഭിച്ച വിവരങ്ങള്‍. വെണ്‍മാറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നത്. ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായത്. ഉച്ചക്ക് 1:30ഓടെയാണ് സംഭവം നടന്നത്. ഒമ്പതുപേരെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തി. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടം ആദ്യമറിഞ്ഞ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ കെട്ടിടമാണ് തകര്‍ന്നുവീണത്. തുടര്‍ച്ചയായുള്ള മഴയാണോ ബലക്ഷയം മൂലമാണോ കെട്ടിടം തകരാന്‍ കാരണമായതെന്ന് വ്യക്തമല്ല. മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി നിലച്ചിരുന്നു. പിന്നീട് വീണ്ടും പണി പുനരാരംഭിക്കുകയായിരുന്നതിനിടയിലാണ് അപകടമുണ്ടായത്.വെള്ളിമാട്കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയത്.ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.