മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് ; അബ്ദുറഹ്മാന് ജാമ്യം
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി അബ്ദുറഹ്മാന് കോടതി ജാമ്യം അനുവദിച്ചു. അയാളുടെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. അപകടം നടന്ന സമയം മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുള്‍ റഹ്മാനായിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാര്‍ ഓടിച്ച അബ്ദുള്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയില്‍ അമിതമായ തോതില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂര്‍ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അതെ സമയം ഒരു ഓഡി കാര്‍ പിന്തുടര്‍ന്ന് വന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് ഇയാള്‍ നേരത്തെ മൊഴി നല്‍കിയത്. അതില്‍ സമഗ്രമായ അന്വേഷണം നടന്നു വരികയാണ് ഇപ്പോള്‍.