ഗുജറാത്തില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന ; അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ്
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്സെയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഏറെയാണ്. ഗോഡ്സെയെ തൂക്കിക്കൊന്നതിന്റെ 72ാം വാര്‍ഷികമായിരുന്നു ഇന്നലെ. 1949 നവംബര്‍ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്. ഓര്‍മ്മദിനത്തില്‍ ഗുജറാത്തിലെ ജാംനഗറില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചാണ് ഹിന്ദു സേന ആദരം അര്‍പ്പിച്ചത്. എന്നാല്‍ പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ അടിച്ചു തകര്‍ത്തു.
കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകര്‍ത്തത്. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. ‘നാഥുറാം അമര്‍ രഹേ’ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാന് ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോണ്‍ഗ്രസുകാര്‍ പാഞ്ഞെത്തി പ്രതിമ തല്ലിത്തകര്‍ത്തു. പ്രതിമ നീക്കം ചെയ്തു.
മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്സെയുടെ പ്രതിമ നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. ഗോഡ്സെയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ”ഗോഡ്സെയും നാരായണ്‍ ആപ്തേയും വധിക്കപ്പെട്ട അംബാലയിലെ ജയിലില്‍ നിന്ന് കഴിഞ്ഞ ആഴ്ച മഹാസഭാ പ്രവര്‍ത്തകര്‍ മണ്ണ് കൊണ്ടുവന്നിരുന്നു. ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെയും ആപ്തേയുടെയും പ്രതിമകള്‍ നിര്‍മിക്കുകയും അവ ഗ്വാളിയറിലെ മഹാസഭാ ഓഫീസിന് മുന്നില്‍ സ്ഥാപിക്കുകയും ചെയ്യും.”- ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ് വീര്‍ ഭരദ്വാജ് പറഞ്ഞിരുന്നു.