തിയറ്റര്‍ കിട്ടാനില്ല ; iffk ഫെബ്രുവരിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) പുതിയ തീയതി പ്രഖ്യാപിച്ചു. ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മേള ഫെബ്രുവരി 4 മുതല്‍ 11 വരെ നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഡിസംബര്‍ 10ന് മേള തുടങ്ങാനാണ് നേരത്തെ ആലോചിച്ചതെങ്കിലും പ്രിയദര്‍ശന്‍- മോഹന്‍ ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് പ്രഖ്യാപിച്ചതോടെ രാജ്യാന്തര ചലച്ചിത്രമേളക്ക് തീയറ്ററുകള്‍ ലഭിക്കാത്ത സ്ഥിതിയായി. ഇതാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് വിവരം. 26ാമത് മേളയാണ് അടുത്ത വര്‍ഷം നടക്കുക.
ചലച്ചിത്ര മേളയും 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് തന്നെ നടക്കും. രാജ്യാന്തര മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 2021 ഡിസംബര്‍ ഒന്‍പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്‌സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പ്ളക്‌സ് എസ് എല്‍ തിയേറ്ററിലെ ഓഡി 1ല്‍ ഡിസംബര്‍ 9ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.
കോവിഡ് കാരണം കഴിഞ്ഞ വര്ഷം നാലു ജില്ലകളിലായിട്ടാണ് മേള സംഘടിപ്പിച്ചത്. എന്നാല്‍ തിരുവനന്തപുരം ഒഴികെ ബാക്കി ഇടങ്ങളില്‍ എല്ലാം മേള അമ്പേ പരാജയമാകുകയായിരുന്നു. ഇതിനെതിരെ സിനിമാ പ്രേമികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൊച്ചിയിലും മറ്റും വലിയ മുന്നൊരുക്കങ്ങള്‍ ആണ് സംഘാടകര്‍ നടത്തിയത് എങ്കിലും ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ പല ഇടങ്ങളിലും സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്താത്തത് തിരിച്ചടിയായിരുന്നു.