മുത്തലാഖ് ചൊല്ലിയില്ല ; മലപ്പുറത്ത് നവ വരനെ കൊലപ്പെടുത്താന്‍ ശ്രമം

വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നവ വരനെ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെയാണ് കോട്ടക്കല്‍ ചങ്കുവട്ടി സ്വദേശിയായ അബ്ദുള്‍ അസീബിനെ ഭാര്യ വീട്ടുകാര്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു.

അതേസമയം പൊലീസുകാര്‍ എത്തിയില്ലായിരുന്നെങ്കില്‍ ഭാര്യവീട്ടുകാര്‍ തന്നെ കൊന്നേനെ എന്ന് അസീബ് പറയുന്നു . മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കുടിയ്ക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. ഓഫീസിനുള്ളില്‍ വച്ചും തന്നെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് കാറില്‍ കയറ്റി കൊണ്ടുപോയതും വീണ്ടും മര്‍ദ്ദിച്ചതും. ഏഴ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുള്‍ അസീബ് പറഞ്ഞു.

സംഭവത്തില്‍ ആറ് പേരെ കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യാപിതാവ് ഒതുക്കുങ്ങല്‍ സ്വദേശി ഷംസുദ്ദീന്‍, ബന്ധുക്കളായ ഷഫീഖ്, അബ്ദുല്‍ ജലീല്‍, ഷഫീര്‍ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്. ഭാര്യാപിതാവിന്റെ ചേട്ടന്‍ ലത്തീഫിനെയാണ് ഇനി പിടികൂടാനുള്ളത്. തട്ടികൊണ്ടു പോകല്‍, മര്‍ദ്ദനം, വധശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ഗുരുതമായി പരിക്കേറ്റ അസീബ് ആശുപത്രിയില്‍ ചികിത്സയിലാണ്.