ശബരിമല ; ആദ്യദിനം ദര്‍ശനത്തിന് എത്തിയത് 4986 പേര്‍ മാത്രം

തീത്ഥാടന കാലം ആരംഭിച്ച ആദ്യ ദിനം ശബരിമലയില്‍ മല ചവിട്ടാന്‍ എത്തിയത് 4986 പേര്‍ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000 പേരില്‍ 20014 പേര്‍ ആദ്യ ദിവസം ദര്‍ശനത്തിന് എത്തിയില്ല. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് കഴിയുന്നവര്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബുക്കിങ് നടത്തിയിട്ട് വരുന്ന മൂന്ന് ദിവസങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് 18 ന് ശേഷം ദര്‍ശം നടത്താമെന്നാണ് ദേവസ്വം ബോര്‍ഡ് മന്ത്രി കെ. രാധക്യഷ്ണന്‍ സന്നിധാനത്ത് വ്യക്തമാക്കിയത്.

അന്ധ്രയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരായിരുന്നു ആദ്യ ദിവസം കൂടുതല്‍ ആയി എത്തിയത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരുടെ വരവുണ്ടായി. മലയാളികള്‍ പൊതുവെ കുറവായിരുന്നു. പമ്പയിലും ശബരിമലയിലും മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായതും ആദ്യ ദിനത്തെ തീര്‍ത്ഥാടനത്തിന് ഏറെ ആശ്വാസമായിരുന്നു. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റി വിട്ടത്. പുലര്‍ച്ചെ 5നാണ് നടതുറന്നത്. ദര്‍ശനം കഴിഞ്ഞാല്‍ ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കുന്നില്ല.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ശബരിമലയില്‍ അടുത്ത് മൂന്ന് ദിവസങ്ങളില്‍ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. മഴയെ തുടര്‍ന്ന് ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കുന്നില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുകയാണ്.