ജോജുവിന് എതിരെ കോണ്‍ഗ്രസ് ; മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു ഉണ്ടായിരുന്നു എന്ന് ആരോപണം

കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു ജോര്‍ജ് പങ്കെടുത്തിരുന്നോയെന്ന കാര്യം അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസ് നടത്തിയ ഇന്ധവില സമരത്തില്‍ നടന്‍ ജോജു ജോര്‍ജ് നടത്തിയ ഇടപെടല്‍ ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ഇന്ധന സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്ന അതേ ദിവസം തന്നെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പടെ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചത്. ആ സംഭവത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജോജു ജോര്‍ജ് സമരത്തില്‍ ഇടപെട്ട് വിവാദമുണ്ടാക്കിയതെന്നും ഡിസിസി അധ്യക്ഷന്‍ ആരോപിക്കുന്നു.

അന്‍സി കബീര്‍ ഉള്‍പ്പടെ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു ജോര്‍ജ് പങ്കെടുത്തിരുന്നോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് ഏതെങ്കിലും പ്രമുഖര്‍ക്ക് വേണ്ടി ശ്രദ്ധ തിരിച്ചുവിടാനാണ് ജോജു ശ്രമിച്ചതെന്ന കാര്യവും അന്വേഷിക്കണം. ഡിജെ പാര്‍ട്ടിയെ സംബന്ധിച്ച് പൊലീസ് അന്വേഷണത്തില്‍ അലംഭാവമുണ്ടെന്നും ഇത് സംശയകരമാണെന്നും മുഹമ്മദ് ഷിയാസ് ആരോപിക്കുന്നു. മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകളുടെ കാറപകട മരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് . കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം മോഡലുകള്‍ പങ്കെടുത്ത ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18   ഹോട്ടലുടമ   റോയ് വയലാറ്റിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയര്‍ന്ന കാറപകടം   അമിതവേഗത കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. അപകടം സംബന്ധിച്ച നിര്‍ണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകള്‍ക്കും ശേഷമാണ് സംഭവത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് പൊലീസ് പറയുന്നത്. മോഡലുകള്‍ പങ്കെടുത്ത ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. കാണാതായ ഡിവിആറുകളുമായാണ് റോയ് ഹാജരായത്. എന്നാല്‍ ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമെങ്കില്‍ റോയിയെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നും കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.