മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമ അറസ്റ്റില്‍
കൊച്ചിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെയും അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, മെല്വിന് , ലിന്സണ് , ഷിജുലാല്‍ , അനില്‍ എന്നിവരെയാണ് അറസ്റ്റിലായ ജീവനക്കാര്‍. ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാക്കും ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്കില്‍ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്ക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. അതേസമയം മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്കി. ഔഡി കാര്‍ പിന്തുടര്ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി. അതേസമയം ഡി ജെ പാര്‍ട്ടിയില്‍ ഒരു പ്രമുഖ മലയാള സിനിമാ താരം ഉണ്ടായിരുന്നു എന്ന തരത്തിലുള്ള ആരോപണം ശക്തമാവുകയാണ്.