ആരാണ് കുറുപ്പ്…? കുറുപ്പ് (ഭാഗം 4)

ചെങ്ങന്നൂര്‍ ചെറിയനാട് പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പിന് 1946 ല്‍ ജനിച്ച മകന്റെ പേര് ഗോപാലകൃഷ്ണപിള്ള എന്നായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയിലുള്ള, രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വാധീനമുള്ളതായിരുന്നു അയാളുടെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങള്‍.നല്ല ഉയരമുള്ള സുമുഖനും ആരോഗ്യവാനുമായിരുന്ന അയാള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞയുടന്‍ ഇന്ത്യന്‍ ആര്‍മിയുടെ മെഡിക്കല്‍ കോപ്‌സ് വിഭാഗത്തില്‍ ചേര്‍ന്നു. പൂനെയില്‍ ജോലി ചെയ്യുന്ന കാലത്ത് നാട്ടുകാരിയായ ട്രെയിനീ നഴ്സ് സരസമ്മയെ പ്രണയിച്ചു. ഇയാളുടെ അമ്മയുടെ തറവാട്ടിലെ ജോലിക്കാരിയുടെ മകളായിരുന്നു അവര്‍ എന്നതിനാല്‍ വീട്ടുകാര്‍ ബന്ധം എതിര്‍ത്തു. എങ്കിലും ഗോപാലകൃഷ്ണ പിള്ള മാട്ടുങ്കയിലെ അമ്പലത്തില്‍ വെച്ച് തന്റെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ സരസമ്മയെ വിവാഹം കഴിച്ചു.

അക്കാലത്ത് ഗള്‍ഫിലേക്കുള്ള ജോലിസാധ്യതകള്‍ കൂടി വരുന്ന കാലമായിരുന്നു. നഴ്സായ ഭാര്യയുമൊത്ത് ഗള്‍ഫിലേക്ക് പോകാന്‍ പദ്ധതിയിട്ടു. അങ്ങനെ സേനയില്‍ നിന്ന് അവധിയെടുത്തു. തുടര്‍ന്ന് മുങ്ങി. സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ഗോപാലകൃഷ്ണ പിള്ള മരിച്ചതായി റിപ്പോര്‍ട്ട് അയപ്പിച്ചു. പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ പാസ്‌പോര്‍ട്ട് എടുത്തു. തുടര്‍ന്ന് അബുദാബിയില്‍ മറൈന്‍ ഓപറേറ്റിങ് കമ്പനിയില്‍ ജോലി നേടി ‘സുകുമാരക്കുറുപ്പ്’ എന്ന പുതിയ പേരിലേക്കു മാറി. സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. അവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി കിട്ടി. അന്നത്തെ കാലത്ത് കുറുപ്പിനും ഭാര്യയ്ക്കും കൂടി അബുദാബിയില്‍ പ്രതിമാസം അരലക്ഷത്തിലേറെ രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു. വീട്ടുകാര്‍ക്ക് താല്പര്യമില്ലാത്ത വിവാഹമായതിനാല്‍ ബന്ധുക്കളില്‍നിന്ന് അകന്നു ജീവിക്കാന്‍ തീരുമാനിച്ച കുറുപ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിനടുത്ത് വണ്ടാനത്ത് പുതിയ വീടിന്റെ നിര്‍മാണവും തുടങ്ങി. വീടു പണി തുടങ്ങിയതോടെ കെഎല്‍വൈ 5959 നമ്പര്‍ കാര്‍ വാങ്ങി. ആലപ്പുഴയില്‍ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണയും ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികളായി.

പണം തട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് ഒരു ഇംഗ്ലിഷ് മാസികയില്‍ വന്ന റിപ്പോര്‍ട്ട് കുറുപ്പിന്റെ കയ്യില്‍ കിട്ടിയത്. ജര്‍മനിയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവമായിരുന്നു അതില്‍. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുത്തു. അന്നത്തെ കാലത്ത് ഏതാണ്ട് മുപ്പത് ലക്ഷം രൂപ വരുമായിരുന്നു ഇത്. കമ്പനിയില്‍ വിശ്വസ്തനായിരുന്ന ചാവക്കാട് സ്വദേശിയായ ഓഫിസ് ബോയ് ഷാഹുവിനോട് കുറുപ്പ് തന്റെ പദ്ധതി പറഞ്ഞു. ഇതിന്റെ വലിയ തുക കൈയില്‍ കിട്ടുമെന്ന അതിമോഹം കാരണം ഷാഹു കുറുപ്പിന് ഉറപ്പു കൊടുത്തു. സരസമ്മയുടെ സഹോദരീഭര്‍ത്താവ് ഭാസ്‌കരപിള്ളയ്ക്കും കുറുപ്പ് കത്തയച്ചു പഴയൊരു കാര്‍ വാങ്ങണമെന്ന് പറഞ്ഞു. അങ്ങനെ പിള്ള 8000 രൂപയ്ക്കു പഴയൊരു അംബാസഡര്‍ കാര്‍ വാങ്ങി. കെഎല്‍ക്യു 7831. തുടര്‍ന്ന് അമ്മയ്ക്ക് രോഗം കൂടുതലാണെന്നു നാട്ടില്‍നിന്നു ടെലഗ്രാം ചെയ്ത കുറുപ്പും ഷാഹുവും ഒരേ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തി. സരസമ്മയും രണ്ടു മക്കളും അബുദാബിയില്‍ തന്നെ തുടര്‍ന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ പരിചയക്കാരന്‍ വഴി ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നായിരുന്നു ആദ്യ പദ്ധതി. മോര്‍ച്ചറിയില്‍നിന്ന് അനാഥശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയില്‍നിന്നു ശവം കുഴിച്ചെടുക്കാന്‍ ആലോചിച്ചെങ്കിലും അതും ഉപേക്ഷിച്ചു. ജനുവരി 21ന് കുറുപ്പ് ഷാഹു, ഭാസ്‌കരപിള്ള എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തി. തുടര്‍ന്ന് ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവെച്ചു. അങ്ങനെ നാലാമതൊരാള്‍ കൂടി പദ്ധതിയിലേക്ക് വന്നു. വിശ്വസ്തനായ ഡ്രൈവര്‍ പൊന്നപ്പന്‍. കൊലപാതകത്തിന് ആദ്യം വിസമ്മതിച്ച പൊന്നപ്പനെ ഭീഷണിപ്പെടുത്തി കൂടെ കൂട്ടി. രാത്രി 8 മണിയോടെ തോട്ടപ്പള്ളിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണവും മദ്യവും കഴിച്ച ശേഷം നാലുപേരും രണ്ടു കാറുകളിലായി ഇര തേടി പുറപ്പെട്ടു. പൊന്നപ്പന്‍ കെഎല്‍വൈ- 5959 യുടെ ഡ്രൈവര്‍ സീറ്റിലും ഭാസ്‌കരപിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. പദ്ധതിക്കായി വാങ്ങിയ കെഎല്‍ക്യു 7831 ല്‍ കുറുപ്പ് പിന്നാലെയും. ദേശീയപാതയില്‍ തെക്കോട്ട് ഏതാണ്ട് ഓച്ചിറ വരെ പോയിട്ടും പറ്റിയ ആരെയും കിയില്ല. അവര്‍ തിരികെ ആലപ്പുഴയിലേക്കു തിരിച്ചു. പാതിരാത്രിയോട് അടുത്ത് വീണ്ടും തോട്ടപ്പള്ളിയില്‍ നിന്ന് വീണ്ടും ഹരിപ്പാട് ദിശയിലേക്ക് പോകുമ്പോള്‍ ആറടി പൊക്കമുള്ള ഒരാള്‍ കരുവാറ്റ ടിബി ജംക്ഷനടുത്ത് വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നത് കണ്ടു.

തുടരും…