വീണ്ടും ജനക്ഷേമ നടപടി ; കുറഞ്ഞ വിലയില്‍ സിമന്റ് പുറത്തിറക്കി സ്റ്റാലിന്‍

സാധാരണക്കാര്‍ക്ക് കൈതാങ് ആകുകയാണ് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍ കെട്ടിടനിര്‍മാണ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുമ്പോള്‍ ആശ്വാസവുമായി തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് സിമന്റ്സ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മറ്റു സിമന്റുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ‘വലിമൈ’ ജനങ്ങളിലേക്കെത്തും. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്. നിലവില്‍ വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വിലയുള്ളപ്പോഴാണ് ‘വലിമൈ’ കരുത്താകുന്നത്.

തമിഴ്നാട് സര്‍ക്കാരിന്റെ ‘അരസു’ സിമന്റ് നിലവില്‍ മാസം തോറും 30,000 ടണ്‍ നിര്‍മിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാന്‍ഡാണ് ‘വലിമൈ’. തമിഴ്നാട് സിമന്റ്സ് കോര്‍പ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. അതേസമയം വിലകയ്യറ്റം കാരണം കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ തടസങ്ങള്‍ തുടരുകയാണ്. സര്‍ക്കാര്‍ ഇതിനെതിരെ ചെറു വിരല്‍ പോലും ആനക്കുന്നില്ല എന്നതാണ് സത്യം.