വീണ്ടും നൂറു കോടിക്ക് മുകളില്‍ വരുമാനം നേടി കെ എസ് ആര്‍ ടി സി

വീണ്ടും നൂറു കോടി കടന്ന് കെഎസ്ആര്‍ടിസിയുടെ മാസ വരുമാനം. ഒക്ടോബര്‍ മാസത്തിലാണ് ആനവണ്ടി 113.77 കോടി രൂപ വരുമാനം നേടിയത്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം നൂറു കോടി കടക്കുന്നത്. 106.25 കോടി ഓപ്പറേറ്റിങ് വിഭാഗത്തില്‍ നിന്നു ലഭിച്ചു. നോണ്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍ നിന്ന് 4.40 കോടിയും ലഭിച്ചു. 94.95 കോടി രൂപയാണ് ഒക്ടോബര്‍ മാസം ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്.

സെപ്തംബറില്‍ 86.97കോടി രൂപയായിരുന്നു. എന്നാല്‍ മാസം ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് കെ എസ് ആര്‍ ടി സിയിലെ ചിലവ് എന്നത് മറ്റൊരു സത്യം. നിലവില്‍ 3,300 സര്‍വീസുകളില്‍ നിന്നായി ഒരു ദിവസം 3.60 കോടി രൂപയാണ് ശരാശരി വരുമാനം. ഇതില്‍ 1.80 കോടി രൂപ ഇന്ധനത്തിനു ചിലവാകുമ്പോള്‍. വൈദ്യുതി, അനുബന്ധ ചെലവുകള്‍ക്കായി ദിവസം 30 ലക്ഷം രൂപയും വേണം. കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താന്‍ പല വഴികളും സര്‍ക്കാര്‍ നോക്കുന്നുണ്ട് എങ്കിലും യൂണിയന്റെ എതിര്‍പ്പുകള്‍ ഉള്ളത് കൊണ്ട് ഒന്നും പ്രവര്‍ത്തികമാക്കുന്നില്ല എന്നതാണ് സത്യം.