ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് പുറത്തൂടെയുള്ള സ്പര്‍ശനവും കുറ്റകരം : സുപ്രിംകോടതി

ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗിക അതിക്രമമല്ലെന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് നിലനിര്‍ത്തി കൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. കുട്ടികളുടെ വസ്ത്രത്തിന് മുകളിലൂടെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധി.മുംബൈ ഹൈക്കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഈ വര്‍ഷം ആദ്യമാണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചു വരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിയ്ക്കുകയും ചെയ്ത കേസില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചായിരുന്നു ഉത്തരവ്. പോക്സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 35 വര്‍ഷം വരെയാണ് തടവുശിക്ഷ. ബോംബൈ ഹൈക്കോടതി ആരോപണ വിധേയനില്‍ നിന്ന് പോക്സോ പ്രകാരമുള്ള കേസ് ഒഴിവാക്കുകയും ചെയ്തു. ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിയ്ക്കാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം കുറ്റകരം ആണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ലൈംഗികോദ്ദേശത്തോടെ നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയില്‍ വരും. ശരീരം പരസ്പരം ചേരുക എന്നതിനര്‍ത്ഥം ചര്‍മ്മം ചര്‍മ്മത്തോടു ചേരുക എന്നത് മാത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. ബോംബൈ ഹൈക്കോടതിയുടെ വിധി വിവിധ കേസുകളില്‍ പ്രതികള്‍ അനുകൂല വാദമായി ഉപയോഗിച്ചിരുന്നു. പോക്സോ സെക്ഷന്‍ 7 സംബന്ധിച്ച് നിലനിന്ന ആശയ അവ്യക്തത ഇല്ലായ്മയ്ക്കും ഇന്നത്തെ സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയോടെ പരിഹാരമായി.