കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം ; വിവാദ നിയമങ്ങള്‍ പിന്‍വലിക്കും
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയില്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരും.
കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമതിയില്‍ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ചെറുകിട കര്‍ഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. മണ്ഡികളെ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, ഇത് മനസ്സിലാക്കാന്‍ ഒരു വിഭാഗം കര്‍ഷകര്‍ തയ്യാറായില്ല. അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം സംഘടിപ്പിച്ചു. സമരത്തെ ദീര്‍ഘമായി നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താന്‍ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്. അതിനാല്‍ രാഷ്ട്രീയ ലക്ഷ്യം കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേരുമെന്നറിയിച്ചതിനാല്‍ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. ഇതിനിടെ ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവവും ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.