അങ്ങനെയെങ്കില്‍ ഇന്ത്യയും ജിഹാദി രാജ്യമാണ്”; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷവുമായി കങ്കണ

കാര്‍ഷിക നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. സങ്കടകരവും ലജ്ജാകരവും തീര്‍ത്തും അനീതിപരവുമാണ് നടപടിയെന്ന് കങ്കണ അഭിപ്രായപ്പെട്ടു. ”പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കു പകരം തെരുവിലെ ജനങ്ങള്‍ നിയമം നിര്‍മിക്കാന്‍ തുടങ്ങുകയാണെങ്കില്‍ ഇതുമൊരു ജിഹാദി രാജ്യമാണ്. അതങ്ങനെത്തന്നെയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”-സ്റ്റോറിയില്‍ പറയുന്നു.

നാണക്കേടും അനീതിപരവുമാണ് നടപടിയെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഏകാധിപത്യമാണ് പരിഹാരമെന്നും അഭിപ്രായപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടിയെ തെരുവുപോരാട്ടത്തിന്റെ ശക്തിയായി സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് പശ്ചാത്തല ചിത്രമായി നല്‍കിയായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്ദിരാ ഗാന്ധിയുടെ ചിത്രം പശ്ചാത്തലമായി നല്‍കിയ അടുത്ത സ്റ്റോറിയില്‍ കുറിച്ചത് ഇങ്ങനെയാണ്: രാജ്യമനസ്സാക്ഷി ഗാഢനിദ്രയിലാണ്ടുകിടക്കുമ്പോള്‍ ലാത്തിയാണ് ഒരേയൊരു പരിഹാരം; ഏകാധിപത്യം ഒരേയൊരു തീര്‍പ്പും. പ്രധാമന്ത്രി മാഡത്തിന് ജന്മദിനാശംസകള്‍…” എന്നാണ് പോസ്റ്റ്.