ഓര്‍മച്ചെപ്പില്‍ ഓമനിക്കാന്‍ വീണ്ടും കലാവിസ്മയത്തിന്റെ വര്‍ണ്ണവിതാനങ്ങള്‍ വിരിയിച്ച് സ്വിസ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരസന്ധ്യ


സൂറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് റാഫ്‌സില്‍ സംഘടിപ്പിച്ച കേരളപിറവി ആഘോഷങ്ങള്‍ നവംബര്‍ 13 ശനിയാഴ്ച സമംഗളം പര്യവസാനിച്ചു. നൃത്തസംഗീതവിസ്മയങ്ങള്‍ പൂത്തുലഞ്ഞ ആഘോഷരാവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന കലാകാരികളും കലാകാരന്മാരും വേദിയില്‍ അണിനിരന്നപ്പോള്‍ ആനന്ദനിര്‍വൃതിയുടെ ആകാശ ചക്രവാളത്തിലേക്കു പ്രേക്ഷകരും പറന്നുയരുകയായിരുന്നു.

കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യമേഖലയിലുള്ള നമ്മുടെ സഹോദരങ്ങളെ ആദരിക്കുന്നതിനായി സല്യൂട്ട് ദ വാരിയേര്‍സ് എന്ന ആശയം ഉയര്‍ത്തിയായിരുന്നു മേള സംഘടിപ്പിച്ചത്. ഇതോടൊപ്പം സ്വതന്ത്ര ഇന്‍ഡ്യയുടെ എഴുപത്തഞ്ചാം വാര്‍ഷികവും സമുചിതമായി കൊണ്ടാടി.

യുവപ്രതിഭകളായ അനീറ്റ ആന്റണിയുടെയും മനീഷ ബോസ് മണിയംപാറയിലിന്റെയും ആകര്‍ഷകമായ
അവതരണത്തിലൂടെ ആരംഭിച്ച ഉല്‍ഘാടനയോഗം സാലി പൈങ്ങോട്ടിന്റെ പ്രാര്‍ത്ഥനഗാനത്തോടെ ആരംഭിക്കുകയും പ്രസിഡന്റ് സുനില്‍ ജോസഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.

തുടര്‍ന്ന് വീശിഷ്ടാതിഥികള്‍ നിലവിളക്കു കൊളുത്തി ഉല്‍ഘാടന കര്‍മം നിര്‍വഹിച്ചു. WMC സ്വിസ് പ്രൊവിന്‍സ് ചെയര്‍മാന്‍ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്വിസ്സ് പാര്‍ലമെന്റംഗം ശ്രീ .നിക്ക് ഗൂഗര്‍, ഇന്ത്യന്‍ എംബസി യെ പ്രതിനിധീകരിച്ചു സെക്കന്റ് സെക്രട്ടറി ശ്രീ ജോണ്‍സന്‍ ഈപ്പന്‍, WMC അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ശ്രീ തോമസ് മൊട്ടക്കല്‍, ട്രെഷറര്‍ ജിജി ആന്റണി, വിമന്‍സ് ഫോറം പ്രസിഡന്ഡ് റോസിലി ചാത്തംകണ്ടം, യൂത്ത് ഫോറം കണ്‍വീനര്‍ ബേസില്‍ ജെയിംസ്, യൂത്ത് ഫോറം പ്രസിഡന്റ് ശ്രെയസ് പറുവകാട്ടു എന്നിവര്‍ സന്നിഹിതരായിരുന്നു

റോസിലി ചാത്തംകണ്ടം നടത്തിയ പ്രസംഗത്തില്‍ വിമന്‍സ് ഫോറം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും, ”നവംബര്‍ 28 ആം തീയതി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന Pflege Initiativeനു അനുകൂലമായി വോട്ടു ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. സമാപനത്തില്‍ സെക്രട്ടറി മിനി ബോസ് നന്ദി പ്രകടനം നടത്തി.

ഈ വര്‍ഷത്തെ ബിസിനസ് Excellence അവാര്‍ഡ് അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ Tomar construction Group സ്ഥാപകനും സിഇഒയുമായ തോമസ് മൊട്ടക്കലും, Salgado Naturstein സ്ഥാപകനായ Eduardo സല്‍ഗാഡോയ്ക്കും സമ്മാനിക്കുകയുണ്ടായി. വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ യൂത്ത് ഫോറത്തിന്റെ നേതൃസ്ഥാനത്തിലൂടെ വളര്‍ന്നുവന്നു സ്വിറ്റസര്‍ലണ്ടിലെ രാഷ്ട്രീയ സാമൂഹ്യമേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സോബി വെട്ടിക്കലിനിയെയും അവാര്‍ഡ് നല്‍കി അംഗീകരിക്കുകയുണ്ടായി. പൊതുസമ്മേളത്തിനു ശേഷം ആരംഭിച്ച കലാവിരുന്നില്‍ സെക്രട്ടറി മിനി ബോസിന്റെ നേതൃത്വത്തിലും താണ്ഡവം ഡാന്‍സ് സ്‌കൂള്‍ സ്ഥാപകയുമായ റോസ് മേരിയുടെ കൊറിയോഗ്രാഫിയിലും സ്വിസ്സിലെ നൂറില്‍പരം കലാപ്രതിഭകള്‍ നൂതന ശബ്ദ ദൃശ്യ വിസ്മയങ്ങളുടെ അകമ്പടിയോടെ വേദിയില്‍ അണിനിരന്നപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ആര്‍പ്പുവിളികളോടെ കരഘോഷമുയര്‍ത്തുകയായിരുന്നു.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ വൈസ് പ്രെസിഡണ്ട് ബാബു വേതാനിയുടെ നേതൃത്വത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച കീബോര്‍ഡ് മാന്ത്രികന്‍ അനൂപ് കോവളം എന്ന അനുഗ്രഹീത കലാകാരന്റെ മാസ്മരിക സംഗീത താള മേള അകമ്പടിയോടെ സ്വിസ്സിലെ ഗായിക ഗായകന്മാര്‍ നടത്തിയ സംഗീത വിരുന്നു ആസ്വാദകര്‍ക്ക് വിസ്മയാനുഭവമായി മാറുകയുണ്ടായി.
സംഗീതമേളയോടൊപ്പം wmc സ്വിസ്സ് വൈസ് ചെയര്‍മാനും ഹലോ ഫ്രണ്ട്സ് വാര്‍ത്താ ബുള്ളറ്റിനു നേതൃത്വം നല്‍കുന്ന ശ്രീ ജോസ് വള്ളാടിയില്‍ നടത്തിയ അവതരണം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

കലാസായാഹ്നത്തിന് മികച്ച ശബ്ദ ദൃശ്യ സംവിധാനങ്ങള്‍ ഒരുക്കിയ സംഘാടകര്‍ ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. ആഘോഷരാവില്‍ രുചിയുടെ വൈവിധ്യം തീര്‍ത്തുകൊണ്ടു ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡിന്നറും വിമന്‍സ് ഫോറം ഒരുക്കിയ കിയോസ്‌കും മേളയില്‍ പങ്കെടുത്തവരുടെ പ്രശംസ ഏറ്റുവാങ്ങി. ഈ പ്രോഗ്രാം പൊതുസമൂഹത്തിലെത്തിക്കുവാന്‍ അകമഴിഞ്ഞ പിന്തുണയേകിയ എല്ലാ ദൃശ്യമാധ്യമങ്ങളുടെയും പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു പ്രസിഡന്റ് സുനില്‍ ജോസഫ് എടുത്തു പറയുകയുണ്ടായി.

പ്രോഗ്രാമിന്റെ വിജയത്തിനായി WMC ക്യാബിനെറ്റ്, എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനം ആദരസന്ധ്യയെ എക്കാലത്തെയും മികച്ച പ്രോഗ്രാമുകളില്‍ ഒന്നാക്കി മാറ്റുകയും WMC സ്വിസ്സ് പ്രൊവിന്‍സിന്റെ 26 വര്‍ഷത്തെ കൂട്ടായ പ്രവര്‍ത്തനപാരമ്പര്യമികവും സംഘടനയെ മുന്‍വര്‍ഷങ്ങളില്‍ നയിച്ച ഭാരവാഹികളുടെ ആത്മസമര്‍പ്പണത്തിന്റെ മുമ്പില്‍ സ്വപ്നസാക്ഷാല്‍ക്കാരം കൂടിയായി മാറി ആദരസന്ധ്യ.

ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://drive.google.com/drive/folders/1fqNLQVkb5BSjGqXqlmanzw-B9QRfDFsL?usp=sharing