നീരൊഴുക്ക് ശക്തം ; ഇടുക്കി ഡാമിലേ ജലനിരപ്പുയരുന്നു

ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു. നിലവിലെ ജലനിരപ്പ് 2,399.88 അടിയായി. ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാനാണ് സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റൂള്‍ കമ്മിറ്റിയുടെ തീരുമാനം ഉടനുണ്ടാകും. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് 80 സെന്റിമീറ്ററിലേക്ക് ഉയര്‍ത്താനാണ് സാധ്യത. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഒരു ലക്ഷം ലിറ്റര്‍ വെള്ളം വരെ പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെങ്കിലും 80,000 ലിറ്റര്‍ ഒഴുക്കിവിടാനാണ് നിലവിലെ തീരുമാനം.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി ഇന്ന് രാവിലെ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി. നിലവില്‍ ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ 30 സെ മി വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയര്‍ത്തിയിട്ടുണ്ട്.