മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാള്‍ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. ഇവരുടെ ചെറുമകന്‍ അരുണ്‍ ദേവിനാണ് മര്‍ദ്ദനമേറ്റത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് മെഡിക്കല്‍ കോളേജിലെത്തിയതും സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായതും. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി ജീവനക്കാര്‍ തിരിച്ചുവാങ്ങിയ പാസ് വാങ്ങി തിരികെ കൊടുക്കാത്തത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഇതോടെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ മര്‍ദ്ദിച്ചു. മര്‍ദിക്കുന്നത് കാണാതിരിക്കാന്‍ അകത്തേക്ക് വലിച്ച് കൊണ്ടുപോയി, ഗേറ്റ് പൂട്ടിയിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവം മൊബൈലില്‍ ചിത്രീകരിച്ചയാളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നവരോട് വളരെ മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്യുന്ന ചില സുരക്ഷാ ജീവനക്കാര്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. പാര്‍ട്ടി പിന്തുണ ഉള്ളതുകൊണ്ട് ഇവര്‍ക്ക് എതിരെ നടപടി എടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്. ഈ മാസം മാത്രം ഇത് എട്ടാമത്തെ സംഭവം ആണെന്നും ആരോപണം ഉണ്ട്.