കാണാമറയത്ത് കുറുപ്പ്…? കുറുപ്പ് അവസാന ഭാഗം

കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കേരളത്തിന്റെ പല ഭാഗങ്ങളിലും കുറുപ്പുമായി സാമ്യമുള്ള പലരെയും നാട്ടുകാരും പൊലീസും തടഞ്ഞുവച്ച് ദിവസങ്ങളോളം ചോദ്യം ചെയ്ത സംഭവങ്ങളുണ്ടായി. അപ്രതീക്ഷിതമായാണ് ഒരിക്കല്‍ പിടിയില്‍നിന്ന് വഴുതിപോയതെന്നും കരുതുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍. വര്‍ഷം 2008 സൗദി അറേബ്യയില്‍ ഒരു മതസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. അയാളുടെ നമ്പര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണില്‍നിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാള്‍ സുകുമാരക്കുറുപ്പാണെന്ന് 90 ശതമാനത്തോളം ഉറപ്പായി. സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തില്‍ ഈ വിവരങ്ങള്‍ ഒരു മാധ്യമത്തില്‍ വന്നു. അതോടെ ഫോണ്‍ കോളുകള്‍ നിലച്ചു. ആ നമ്പരും ഉപേക്ഷിക്കപ്പെട്ടു.

പിന്നീടൊരിക്കലും സഹായകരമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചില്ല.
കുറുപ്പിനും ഭാര്യയ്ക്കും വീട്ടിലേക്കും വരുന്ന കത്തുകള്‍ പതിവായി പൊലീസ് പൊട്ടിച്ചു വായിക്കുമായിരുന്നു. ഫോണും നിരീക്ഷിച്ചു. കുറുപ്പിന്റെ ഭാര്യ താമസിക്കുന്ന വീട്ടില്‍ തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ പൊലീസിന്റെ ഏജന്റ് സ്ഥിരമായി എത്തിയിരുന്നു. ബന്ധുക്കളില്‍നിന്നു വിവരം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കുറുപ്പിന്റെ മകന്റെ വിവാഹം 2010 നവംബര്‍ 12 ന് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നപ്പോള്‍ കുറുപ്പ് എത്തുമെന്നു കരുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഒരാഴ്ച മുന്‍പേ തമ്പടിച്ചു. സണ്‍ ഓഫ് സുകുമാരപിള്ള എന്നായിരുന്നു അതില്‍. ഇംഗ്ലീഷിലെ കാര്‍ഡില്‍ പേരിനുപിന്നില്‍ (ലേറ്റ് ) ഇല്ലാതിരുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ കുറുപ്പ് എന്ന വമ്പന്‍ സ്രാവിനെ അവരുടെ വലയില്‍ കിട്ടിയില്ല.

10 വര്‍ഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ലെങ്കില്‍ കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്. അതനുസരിച്ച് കുറുപ്പിന്റെ കേസും പൊലീസ് ക്ലോസ് ചെയ്തു. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും അത് റീ ഓപ്പണ്‍ ചെയ്യാന്‍ കഴിയും. സുകുമാരക്കുറുപ്പിന് ഒരു ജാമ്യമില്ലാ വാറണ്ട് പെന്‍ഡിങ് ഉണ്ട്. എന്നു കിട്ടിയാലും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. നേരത്തേതന്നെ കോടതിയില്‍ ചാര്‍ജ് കൊടുത്തിട്ടുണ്ട്. ‘സാങ്കേതികമായി കേസ് ക്ലോസ് ചെയ്തിട്ടില്ല, എന്നാല്‍ അന്വേഷണ ലിസ്റ്റിലുമില്ല’. കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങള്‍ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ 1989 ല്‍ പിടികിട്ടാപ്പുള്ളിയാകാന്‍ സഹായിച്ചതെന്ന ആരോപണം ശക്തമാണ്. ആ മൂന്നു ദിവസത്തിനിടയില്‍ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു. പൊലീസിന്റെ ജാഗ്രതയുടെയും നിരീക്ഷണത്തിന്റെയും കുറവ് 37 വര്‍ഷമായി കേരളാ പോലീസിന് കളങ്കമായി തുടരുന്നു.


കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയായായിരുന്നെന്ന് പൊലീസ് വിശ്വസിക്കുന്നു. കേരളത്തില്‍ പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പൊലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭൂട്ടാന്‍, ആന്‍ഡമാന്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സംഘങ്ങള്‍ കുറുപ്പിനെ അന്വേഷിച്ചു. ഹിമാലയത്തിലെ സന്യാസിയെ ഒരിക്കല്‍ പൊലീസ് ചോദ്യം ചെയ്തു. ബിഹാറില്‍ ആശുപത്രിയില്‍ എത്തിയ ജോഷിയെന്ന വ്യക്തി കുറുപ്പാണെന്നു കരുതി പൊലീസ് അവിടെ എത്തി. ആന്‍ഡമാനിലും ഗള്‍ഫിലും പൊലീസ് പലവട്ടം പോയി. മുംബൈയിലെ തെരുവുകളിലും ഹരിദ്വാറിലെ സന്യാസിമാര്‍ക്കിടയിലും ആശുപത്രിയില്‍ രോഗബാധിതനായി എത്തുന്ന അനാഥര്‍ക്കിടയിലും കുറുപ്പിനെ പൊലീസും മലയാളികളും തിരഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് 1989 മുതല്‍ ‘ലോങ് പെന്‍ഡിങ്’ ആയി ക്രൈംബ്രാഞ്ചിന്റെ 16/89 ഫയല്‍. സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയുടെ ഡയറക്ടറായിരുന്ന ഡോ. മുരളീകൃഷ്ണയുടെ കുറിപ്പുകള്‍ വിശ്വസിക്കാമെങ്കില്‍ സുകുമാരക്കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്: ‘സുകുമാരക്കുറുപ്പ് എവിടെയെന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയിലുണ്ടെന്ന് നഴ്സ് ഫോണില്‍ വിളിച്ചു പറഞ്ഞതാണ് അയാളെക്കുറിച്ചുള്ള അവസാന വിവരം. പിന്നെ വന്നതെല്ലാം വെറും ഗോസിപ്പുകളാണ്. സൗദിയിലുണ്ടെന്നു വരെ പറഞ്ഞു. എല്‍ടിടിഇയില്‍ ചേര്‍ന്നതായി മറ്റു ചിലര്‍. ഒന്നുറപ്പാണ്. സുകുമാരക്കുറുപ്പ് ഇന്ന് ജീവനോടെ ഇരിക്കാന്‍ സാധ്യത കുറവാണ്.

രണ്ടു തവണ ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിയാണ്. ഉത്തര്‍പ്രദേശിലെ ആശുപത്രിയിലെ ചികില്‍സാ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുറുപ്പ് കടുത്ത രോഗിയാണെന്നു ബോധ്യപ്പെട്ടിരുന്നു. കുറുപ്പാണോ എന്നു തിരിച്ചറിയാന്‍ 25 ലേറെ മൃതദേഹങ്ങളാണ് ഞാന്‍ പരിശോധിച്ചത്. വിശ്രമമില്ലാതെ ഓടിച്ചാടി ഒളിച്ചു നടക്കാന്‍ അയാളുടെ ആരോഗ്യ സ്ഥിതി അനുവദിക്കില്ല. കുറുപ്പിന്റെ തലമുടിയുടെ സാംപിള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. മറ്റു പല തലമുടി സാംപിളുകളും പരിശോധിച്ചിരുന്നു’ 15 വര്‍ഷം മുന്‍പ് ഡോ.മുരളീകൃഷ്ണ എഴുതിയ കുറിപ്പില്‍ പറയുന്നു. സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ 75 വയസ്സുണ്ടാകും. ലോകത്ത് എവിടെയെങ്കിലും ഇരുന്നു തന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് അറിഞ്ഞു ദിവസങ്ങള്‍ തള്ളി നീക്കുന്നുണ്ടാകാം…

അവസാനിച്ചു…