അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ചു

വിവാദമായ ദത്തു നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചത്. ഇന്ന് രാത്രി 8.35ഓടെ ഹൈദരാബാദ്- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്. വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞിനെ നിര്‍മല ശിശുഭവനിലേക്ക് മാറ്റി.

ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല. കുഞ്ഞ് അനുപമയുടേതാണെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിനെയും അനുപമ, അജിത്കുമാര്‍ എന്നിവരെയും ഉടന്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കും. പുരിശോധനഫലം വന്നതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഈമാസം 18നാണ് കുഞ്ഞിനെ അഞ്ചുദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്.

ഒക്ടോബര്‍ 14നായിരുന്നു താനറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് ദത്ത് നല്‍കിയെന്ന ആരോപണവുമായി പേരൂര്‍ക്കട സ്വദേശി അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ തിരികെയെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. നാളെ കുഞ്ഞിനെ കാണാനാകുമെന്നാണ് പ്രതീക്ഷ. കുഞ്ഞിനെ തന്നെ കാണിക്കാത്തതില്‍ സങ്കടമുണ്ട്. സമരം നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണം. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നും അനുപമ പ്രതികരിച്ചു.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്‌സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്. നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയില്‍ സ്വീകരിക്കും. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്‌നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും. കുഞ്ഞ് അരികിലേക്ക് എത്തുമ്പോഴും അനുപമ ശിശുക്ഷേമ സമിതിക്കുമുന്നിലെ സമരപ്പന്തലില്‍ തുടരുകയാണ്. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കുഞ്ഞ് കേരളത്തിലേക്ക് എത്തുന്നത്. ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ അനുപമയ്ക്ക് കുഞ്ഞിനെ കിട്ടാന്‍ ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരില്ല എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.