ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പാലക്കാട് എസ്പി പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്താണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞ് വെട്ടികൊല്ലുകയായിരുന്നു. ആര്‍.എസ്.എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശിയാണ് സഞ്ജിത്ത്. നവംബര്‍ 17 ന് രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരില്‍ ഒരാളാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ പ്രധാന നേതാവാണ് അറസ്റ്റിലായ യുവാവ്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് എസ്പി വ്യക്തമാക്കി.തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതിയുടെ പേരും വിലാസവും ചിത്രവും പുറത്തുവിടാനാവില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊലപാതകത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ എസ്. ഡി. പി. ഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും അന്വേഷണ സംഘം പറയുന്നു. കോട്ടയം മുണ്ടക്കയത്ത് നിന്നും മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.