പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

സേലം ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വയോധികരും ദമ്പതികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അഗ്‌നിശമന വിഭാഗം ജീവനക്കാരന്‍ പത്മനാഭന്‍(49), ഭാര്യ ദേവി (36), എണ്ണമ്മാള്‍ (89), രാജലക്ഷ്മി (80), കാര്‍ത്തിക് റാം (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ സേലം കരിങ്കല്‍പട്ടി പാണ്ടുരംഗന്‍ കോവിലിനുസമീപം താമസിക്കുന്ന ഗോപിയുടെ വീട്ടിലാണ് അപകടമുണ്ടായത്.

ഗോപിയുടെ ഭാര്യാ മാതാവ് രാജലക്ഷ്മി സ്റ്റൗ കത്തിച്ചപ്പോഴായിരുന്നു പൊട്ടിത്തെറി. സമീപത്തെ രണ്ട് വീടുകള്‍ ഉള്‍പ്പെടെ മൂന്നു കെട്ടിടങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില അതിഗുരുതരമാണ്. പാചകവാതകം ചോര്‍ന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.