കോവിഡ് കാലത്ത് കേരളത്തില്‍ ജനന നിരക്ക് കുത്തനെ കുറഞ്ഞു
കോവിഡ് മഹാമാരി കാരണം ലോകമെമ്പാടും ബേബി ബൂം സംഭവിക്കും എന്നായിരുന്നു മഹാമാരി തുടങ്ങി ലോക് ഡൌണ്‍ ഒക്കെ നിലവില്‍ വന്നപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നേരെ വിപരീതമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 2021ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സംസ്ഥാനത്തെ ജനനങ്ങളില്‍ (births) കുത്തനെ ഇടിവുണ്ടായതായി ജനന, മരണ സംസ്ഥാന ചീഫ് രജിസ്ട്രാറില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ ജനന കണക്കുകളിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവിനാണ് 2021 സാക്ഷ്യം വഹിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ വലിയ സ്വാധീനം ചെലുത്തും.
കേരളം ജനന സംഖ്യയില്‍ ക്രമാനുഗതമായ ഇടിവിന് സാക്ഷ്യം വഹിച്ചപ്പോള്‍ പകര്‍ച്ച വ്യാധിക്ക് മുമ്പുള്ള വര്‍ഷത്തില്‍ 4.80 ലക്ഷം ജനനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് 2020ല്‍ 4.53 ലക്ഷമായി കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ഇത് 2.17 ലക്ഷമായി കുറയുകയും ചെയ്തു. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍, രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം 27,534 (ഫെബ്രുവരിയില്‍) മുതല്‍ 32,969 (ജൂണ്‍) വരെയാണ്. എന്നാല്‍ അതിനുശേഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി 10,000 ജനനങ്ങള്‍ നടന്നു. സെപ്റ്റംബറില്‍ 12,227 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
2010ല്‍ കേരളത്തില്‍ 5.46 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, 2011ല്‍ ഇത് 5.6 ലക്ഷമായി ഉയര്‍ന്നു. അതിനുശേഷം, 2016-നും 2017-നും ഇടയില്‍ ചെറിയ കുതിപ്പ് ഉണ്ടായെങ്കിലും ഇപ്പോള്‍ ജനനങ്ങളുടെ എണ്ണം കുറയുകയാണ്. 2012, 2013, 2014 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം 5.50 ലക്ഷം, 5.36 ലക്ഷം, 5.34 ലക്ഷം, 5.16 ലക്ഷം എന്നിങ്ങനെയാണ്. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും 100 ശതമാനം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതില്‍ 98.96 ശതമാനവും ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളാണ്. 2019ല്‍ കേരളത്തില്‍ 87.03 ശതമാനം ജനനങ്ങളും ജനിച്ച് 21 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
2020 മെയ് മുതല്‍ 13 മാസത്തിനുള്ളില്‍ 14.63 ലക്ഷം പ്രവാസികള്‍ പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്ന് കേരളത്തിലേക്ക് എത്തിയതായി നോണ്‍ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (നോര്‍ക്ക) കണക്ക് വ്യക്തമാക്കുന്നു. സമാനമായ ഈ പ്രവണത ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഫ്രാന്‍സ് അഭിമുഖീകരിക്കുന്നത്. ഇറ്റലിയില്‍ ജനന നിരക്ക് 22 ശതമാനമായി കുറഞ്ഞു.