യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു ; കേരളാ പൊലീസിന്റെ വിചിത്ര നടപടി
കൊലപാതക ശ്രമം നടത്തിയ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം. തിരുവനന്തപുരം മംഗലാപുരത്താണ് കേരളാ പൊലീസിന്റെ വിചിത്ര നടപടി അരങ്ങേറിയത്. കണിയാപുരം സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെയാണ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച് മംഗലപുരം പൊലീസ് വ്യത്യസ്തരായത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും പ്രതിയായ ഫൈസലിനെതിരെ നിസാര വകുപ്പുകള്‍ ചുമത്തി മംഗലപുരം പൊലിസ് ജാമ്യത്തില്‍ വിടുകയായിരുന്നു. കൈകൊണ്ടടിച്ചാല്‍ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും മൊഴി പ്രകാരം കേസെടുത്തുവെന്നുമാണ് പൊലീസ് വിശദീകരണം. ഗുരുതരമായി പരിക്കേറ്റ അനസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.മര്‍ദ്ദനത്തിനിരയായ അനസിന്റെ പല്ലു പോയതും യുവാവിനേറ്റ ഗുരുതര പരിക്കുമെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് പൊലീസ് നടപടി.
ഞായറാഴ്ച രാത്രി പത്തു മണിയോടെ ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു അനസ്. മസ്താന്‍മുക്ക് സ്വദേശി ഫൈസലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വഴിയില്‍ വച്ച് അനസിനെ തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതിനെ അനസ് എതിര്‍ത്തതോടെ മദ്യലഹരിയിലായിരുന്ന സംഘം മര്‍ദനം തുടങ്ങി. മര്‍ദനമേറ്റ് നിലത്തു വീണപ്പോള്‍ നിലത്തിട്ടു ചവിട്ടി. മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും 15 മിനിറ്റോളം ക്രൂരത തുടര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് അവരുടെ സ്റ്റേഷന്‍ പരിധിയല്ലെന്ന് പറഞ്ഞ് നടപടിയെടുക്കാതെ മടങ്ങി. അധികാര പരിധിയുള്ള മംഗലപുരം പൊലീസില്‍ പരാതി നല്‍കിയപ്പോള്‍, ചികിത്സയില്‍ കഴിയുന്ന അനസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയാല്‍ കേസെടുക്കുന്നത് ആലോചിക്കാമെന്നായിരുന്നു നിലപാട്.
മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. ഉച്ചയക്ക് ശേഷം കേസിലെ പ്രതി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അതിന് ശേഷം വിചിത്രമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. യുവാവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ട് അയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അനസിന് ക്രൂരമായ മര്‍ദനമാണ് ഇയാളില്‍ നിന്നുണ്ടായത്. അനസിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബോധരഹിതനായി വീണിട്ടും പ്രതി അനസിനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ പ്രതിയെയാണ് കൊലപതാകശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെ പൊലീസ് പറഞ്ഞുവിട്ടത്