ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു ; പോലീസുകാര്‍ക്ക് എതിരെ നടപടി

ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനെത്തിയതിന് പിന്നാലെ ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തു. എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീനാണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു മോഫിയ. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയില്‍ ഭര്‍ത്താവ് സുഹൈലിനെയും പൊലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.

മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. സങ്കടം നിറഞ്ഞ വരികളാണ് തന്റെ നോട്ടുബുക്കില്‍ മോഫിയ പര്‍വീന്‍ അവസാനമായി എഴുതിയിരിക്കുന്നത്.

”ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവന്‍ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക പ്രശ്‌നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല സുഹൈല്‍. എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.

അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാന്‍ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനെന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”

വലിയ അക്ഷരങ്ങളില്‍ ഒടുവില്‍ മോഫിയ എഴുതിയിരിക്കുന്നത് ഇങ്ങനെ:

”സിഐയ്ക്ക് എതിരെ നടപടി എടുക്കണം. Suhail, Mother, Father Criminals ആണ്. അവര്‍ക്ക് Maximum ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!”

‘പപ്പാ സോറി.. എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല.’ – കുറിപ്പില്‍ പറയുന്നു.ഇന്നലെ രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരെ നടപടി. ഇയാളെ സ്റ്റേഷന്‍ ചുമതലകളില്‍നിന്നും നീക്കി. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളില്‍ നിന്നും സി ഐ സുധീറിനെ മാറ്റിനിര്‍ത്തി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോള്‍ ‘താന്‍ തന്തയാണോടോ’ എന്നാണ് എസ്എച്ച്ഒ ചോദിച്ചത്. മരുമകന്റെയും വീട്ടുകാരുടെയും മുന്നില്‍വച്ചു തന്നോടും മകളോടും മോശമായി സംസാരിച്ചു. മകള്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് അല്‍പം കരുണയാണു വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കില്‍ മകള്‍ ജീവനൊടുക്കില്ലായിരുന്നു- മോഫിയയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞു.

എസ്എച്ച്ഒയ്‌ക്കെതിരെ നടപടി വേണമെന്നു മോഫിയ ആത്മഹ്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. ഉത്രക്കേസില്‍ വീഴ്ച വരുത്തിയതിനുള്ള ശിക്ഷാ നടപടിയായാണ് സുധീറിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ആത്മഹത്യ ചെയ്ത ദമ്പതികളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ സ്ഥലത്തു പോയില്ല, ആംബുലന്‍സ് വീട്ടിലേക്ക് വിളിച്ചു വരുത്തി ഇന്‍ക്വസ്റ്റ് തയാറാക്കി തുടങ്ങിയ ആരോപണങ്ങളും സി ഐ നേരിടുന്നുണ്ട്. അതേസമയം, മോഫിയയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു. ആരോപണ വിധേയനായ സിഐ നടപടിക്ക് ശേഷവും സ്റ്റേഷനില്‍ തുടരുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.