മോഫിയയുടെ ആത്മഹത്യ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

മോഫിയയും ഭർത്താവ് സുഹൈലും

ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീന്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഇവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ആലുവ കീഴ്മാട് മോഫിയ പര്‍വീണ്‍ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എട്ടു മാസം മുന്‍പായിരുന്നു മോഫിയയയുടെ വിവാഹം. പിന്നീട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രശ്‌നങ്ങളുണ്ടാക്കുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

അതേസമയം കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്‌പെന്റ് ചെയ്യും വരെ രാത്രിയിലും സമരം തുടരുമെന്ന് കോണ്‍ഗ്രസ്. മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീര്‍ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് സംഭവത്തില്‍ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്. എന്നാല്‍ കോണ്‍ഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സ്റ്റേഷന്‍ ഉപരോധം തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു.

എന്നാല്‍ അതിനും വഴങ്ങാതെയാണ് എംപിയും എംഎല്‍എയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ആത്മഹത്യാക്കുറിപ്പില്‍ ആലുവ സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്.