ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റിന് പിന്തുണ അര്‍പ്പിച്ചു സംഘ പരിവാര്‍
ഡി.വൈ.എഫ്.ഐയുടെ ഫുഡ് ഫെസ്റ്റിന് പിന്തുണയുമായി സംഘ് പരിവാര്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ശങ്കു ടി ദാസ്, വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍, ക്രിസ്ത്യന്‍ വലതുപക്ഷ സംഘടനയായ ‘കാസ’ തുടങ്ങിയവയാണ് ഫുഡ് സ്ട്രീറ്റിന് പിന്തുണയര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നത്. ‘ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ’ എന്ന ടാഗ് ലൈനില്‍ ജില്ലാകേന്ദ്രങ്ങളിലാണ് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് ഇന്ന് സംഘടിപ്പിച്ചത്. ഹലാല്‍ ഭക്ഷ്യ വ്യവസായത്തിനെതിരെ സംഘ് പരിവാര്‍ വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണിത്. സംഘ് പരിവാര്‍ നേതാക്കള്‍ ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ചില ജില്ലാകേന്ദ്രങ്ങളില്‍ ബീഫ്, ചിക്കന്‍, ബിരിയാണി തുടങ്ങിയവയ്ക്കൊപ്പം പന്നിയിറച്ചിയും ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായിരുന്നു. ഇതാണ് സംഘപരിവാറിന് സ്വീകാര്യമായത്.
ബജ്റംഗ്ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് താനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത് എന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍…’ എന്നാണ് ശങ്കു ടി ദാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.
ഭക്ഷണത്തില്‍ ഹലാലും, ഹലാലില്‍ തുപ്പലും കലര്‍ത്തുന്നത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ്. ഭക്ഷണത്തില്‍ മതം കൊണ്ട് വന്ന് ജനങ്ങളെ കൊണ്ട് കഫവും തുപ്പലും തീറ്റിക്കുന്ന മത ജീവികള്‍ക്കെതിരായി ഡി.വൈ.എഫ്.ഐ പൊതു ബോധത്തെ ഉണര്‍ത്തുന്നത് തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്…’ പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ഹിന്ദുവോ ക്രൈസ്തവനോ അറുത്ത ഇറച്ചി കഴിച്ച് റഹീമും റിയാസും ഷംസീറും ഒക്കെ ഹലാല്‍ എന്ന അയിത്താചരണത്തിനെതിരെ രംഗത്തുവരിക തന്നെ വേണമെന്നും പ്രതീഷ് എഴുതി.
‘ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സമരസഖാക്കള്‍ക്ക് ഹൃദയത്തില്‍ നിന്നും അഭിവാദ്യങ്ങള്‍!’ എന്നാണ് ചാനല്‍ ചര്‍ച്ചകളിലെ സംഘ്പരിവാര്‍ മുഖമായ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ എഴുതിയത്. നേരത്തെ ഫുഡ് സ്ട്രീറ്റില്‍ നോണ്‍ ഹലാല്‍ പോര്‍ക്ക് വിന്താലു ഉള്‍പ്പെടുത്തണമെന്ന് ശ്രീജിത്ത് ട്രോളിട്ടിരുന്നു. സംഘ് പരിവാര്‍ സഹയാത്രികരും വിദ്വേഷ പ്രചാരകരുമായ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍’ (കാസ) സംഘടനയുടം ഡി.വൈ.എഫ്.ഐക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു.
‘നമ്മുടെ മതേതര കേരളത്തില്‍ ഭക്ഷണത്തില്‍ മതം കലര്‍ത്തി അന്യമതസ്ഥര്‍ അറുത്തത് അല്ല എന്നുറപ്പുവരുത്തുന്ന തരത്തില്‍ ‘ഹലാല്‍ ‘ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് വെച്ച് അയിത്തം സൃഷ്ടിക്കുന്ന, പന്നിയിറച്ചിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്ന, മത വിശ്വാസത്തിന്റെ പേരില്‍ ഭക്ഷണത്തില്‍ തുപ്പുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ സമരത്തിന് ഐക്യദാര്‍ഢ്യം. വര്‍ഗ്ഗീയത വേണ്ട, രുചി മതി…’ എന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.അതിനിടെ, ഹലാല്‍ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കൈപമംഗലം നിയോജകമണ്ഡലം കമ്മിറ്റിയാണ് ഇന്നു വൈകീട്ട് അഞ്ചു മണിക്ക് എറിയാട് ചന്തയില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.