അമേരിക്കയിലും ഉണ്ട് ഒരു സുകുമാര കുറുപ്പ് ; ഒരു രാജ്യത്തിനെ തന്നെ കബളിപ്പിച്ചു ഡിബി കൂപ്പര്‍ തിരോധാനം ചെയ്തിട്ടു 50 വര്‍ഷം
കേരളാ പോലീസിനെ വട്ടം ചുറ്റിച്ച സുകുമാരക്കുറുപ്പിനെ മലയാളികള്‍ക്ക് എല്ലാം നല്ല പരിചയമാണ്. ഇപ്പോള്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമ റിലീസ് ആയതോടെ കുറുപ്പ് വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. ഇന്‍ഷുറന്‍സ് കാശ് തട്ടിക്കാന്‍ കുറുപ്പ് മോഡല്‍ കൊലപാതകങ്ങളും തട്ടിപ്പുകളും അതിനു ശേഷം ധാരാളം ഉണ്ടായി എങ്കിലും അവരൊക്കെ പിടിയിലായിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴും കുറുപ്പ് കാണാമറയത് ആണ്. കുറുപ്പിനെ പോലെ ഒരാള്‍ അങ്ങ് അമേരിക്കയിലും ഉണ്ട്. ലോക പോലീസ് ആയ അമേരിക്കയെ വരെ വട്ടം ചുറ്റിച്ച ഒരാള്‍. അമേരിക്കന്‍ പൊലീസിനും എഫ്ബിഐയ്ക്കും (FBI) ഇതുവരെ ഒരു തുമ്പും കിട്ടാത്ത ഒരു മനുഷ്യന്‍ ആണ് ഡിബി കൂപ്പര്‍ (D.B. Cooper എന്ന പേര് പിന്നീട് വ്യാജമാണ് എന്ന് തെളിഞ്ഞു). ആഗോളതലത്തില്‍ ഇന്നും പരിഹരിക്കപ്പെടാത്ത ദുരുഹതയായ കേസിന് അന്പത് വയസായി കഴിഞ്ഞ ദിവസം.
1971 നവംബര്‍ 24 നാണ് സംഭവം നടന്നത്. പോര്‍ട്ട് ലാന്‍ഡ്‌ലെ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും സിയാറ്റിലേക്ക് പോകാനുള്ള നോര്‍ത്ത് വെസ്റ്റ് ഓറിയന്റഡ് എയര്‍ലൈന്‍സിന്റെ വിമാനം തയ്യാറായി നില്‍കുകയാണ്. അവസാനമാണ് ഡി ബി കൂപ്പര്‍ എന്ന യാത്രികന്‍ എത്തിയത്. കൈയ്യില്‍ സ്യൂട്ട്‌കേസ് ഉണ്ട്. കറുത്ത സ്യൂട്ട്, ടൈ, കണ്ണില്‍ ഒരു കുളിംഗ് ഗ്ലാസ് ഇത്രയും ധരിച്ച് ഒരു ബിസിനസുകാരന്റെ ലുക്കായിരുന്നു ഇദ്ദേഹത്തിന്. വിമാനം ഉയര്‍ന്നു പൊങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു എയര്‍ഹോസ്റ്റസിനെ വിളിച്ച് ഡിബി കൂപ്പര്‍ ഒരു പേനയും കടലാസും ആവശ്യപ്പെട്ടു. അതില്‍ അയാള്‍ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് മടക്കി നല്‍കി വായിച്ചുനോക്കാന്‍ പറഞ്ഞു. പിന്നീട് വിമാനത്തിന്റെ മുഖ്യപൈലറ്റിനെ കാണിക്കാനും.
‘എനിക്ക് ചില ആവശ്യങ്ങളുണ്ട് അത് നേടിയാല്‍ പോകും, ആരെയും ഉപദ്രവിക്കില്ല. എന്റെ കൈയ്യിലെ പെട്ടിയില്‍ ഉഗ്രശേഷിയുള്ള ഒരു ബോംബാണ് ഇത് വിമാനത്തെ തകര്‍ക്കും’ എന്നാണ് ആ കടലാസില്‍ എഴുതിയിരുന്നത്.
കുറിപ്പ് വായിച്ചു എയര്‍ ഹോസ്റ്റസ് ഞെട്ടി എങ്കിലും വിമാനത്തിന്റെ മുഖ്യ ക്യാപ്റ്റന്‍ അത് വിശ്വസിച്ചില്ല. അയാള്‍ കുറിപ്പുമായി ഡിബി കൂപ്പറെ കാണാന്‍ എത്തി. നിങ്ങളെ വിശ്വസിക്കുന്നില്ല, പെട്ടി തുറന്ന് കാണിക്കണം ക്യാപ്റ്റന്‍ പറഞ്ഞു. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാള്‍ പെട്ടി തുറന്നു. സിലണ്ടറുകള്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ട് ചുവന്ന രൂപങ്ങള്‍ വയറുകളാല്‍ ഘടിപ്പിച്ച് പെട്ടിയില്‍ കിടക്കുന്നു. നേരിട്ട് കണ്ടപ്പോള്‍ ക്യാപ്റ്റന് ഉറപ്പായി അത് ബോംബ് തന്നെ.
ഇതോടെ സംഭവം ഗൌരവമാണ് എന്ന് പൈലറ്റിന് മനസിലായി. അവര്‍ ഉടന്‍ തന്നെ സിയാറ്റില്‍ വിമാനതാവളത്തില്‍ കാര്യം അറിയിച്ചു. വിമാനത്തില്‍ 42 പേരും പൈലറ്റുമാര്‍ അടക്കം 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അങ്ങനെ സിയാറ്റില്‍ വിമാനതാവളത്തില്‍ വിമാനം ഇറങ്ങി. വിമാനം സുരക്ഷ സൈനികര്‍ വളഞ്ഞിരുന്നു. എന്തെങ്കിലും തരത്തില്‍ ഡിബി കൂപ്പറുടെ തലവെട്ടം കണ്ടാല്‍ വെടിവച്ച് വീഴ്ത്താന്‍ സ്‌നൈപ്പര്‍മാര്‍ അടക്കം തയ്യാറായിരുന്നു. കൂപ്പര്‍ ആവശ്യപ്പെട്ടത് ഇത്രയുമായിരുന്നു 2 മില്ല്യണ്‍ യുഎസ് ഡോളര്‍, ഒരു ആര്‍മി പാരച്യൂട്ട് എന്നിവയായിരുന്നു. പണം നല്‍കാമെന്ന് അധികാരികള്‍ സമ്മതിച്ചു. പണം വാങ്ങാന്‍ വിമാനത്തിന്റെ വാതിലില്‍ ഇയാള്‍ പ്രത്യേക്ഷപ്പെട്ടാല്‍ ഉടന്‍ വെടിവച്ചു വീഴ്ത്താനായിരുന്നു സുരക്ഷ സേനയുടെ പദ്ധതി. എന്നാല്‍ ഇത്തരം സാധ്യത റാഞ്ചിയായ കൂപ്പര്‍ മനസില്‍ കണ്ടിരുന്നു. അയാള്‍ ഒരു പൈലറ്റിന്റെ വസ്ത്രം അഴിച്ചു വാങ്ങി. അതുമിട്ട് വിമാനത്തിന്റെ വാതില്‍ തുറന്നു. അധികാരികളില്‍ നിന്നും പണവും പാരച്യൂട്ടും കൈപറ്റി.
എന്നാല്‍ പണം വാങ്ങാന്‍ വന്നത് പൈലറ്റാണെന്ന് കരുതി സ്‌നൈപ്പര്‍മാരുടെ തോക്കുകള്‍ വെടിയുണ്ട പായിച്ചില്ല. പണം വാങ്ങി വാതില്‍ അടഞ്ഞു. നിമിഷങ്ങള്‍ കഴിഞ്ഞ് വീണ്ടും തുറന്നു. 42 യാത്രക്കാരും, വിമാന ജീവനക്കാരും പുറത്തിറങ്ങി. എന്നാല്‍ പൈലറ്റുമാര്‍ ഇറങ്ങിയില്ല. വാതില്‍ അടഞ്ഞു. റാഞ്ചിയെ പിടിക്കാന്‍ നിന്ന സുരക്ഷ സൈന്യത്തെ ഇളിഭ്യരാക്കി ഡിബി കൂപ്പറുടെ ഭീഷണിയില്‍ വിമാനം വീണ്ടും പറന്നു. മെക്‌സിക്കോ ലക്ഷ്യമാക്കി.
മെക്‌സിക്കോ ലക്ഷ്യമായി പറക്കാനാണ് കൂപ്പര്‍ പൈലറ്റുമാരോട് ആവശ്യപ്പെട്ടത്. ഒപ്പം ചില നിര്‍ദേശങ്ങളും വച്ചു. വിമാനം 10000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പോകാന്‍ പാടില്ല, 190 കിലോമീറ്റര്‍ വേഗതയില്‍ പറക്കരുത്. പിന്‍ വശത്തെയും മുന്‍ വശത്തെയും വീലുകള്‍ താഴ്ന്നു തന്നെ ഇരിക്കണം. ഇത്രയും അനുസരിച്ച് പൈലറ്റുമാര്‍ വിമാനം പറത്തി. നവാഡയ്ക്ക് മുകളിലെത്തിയപ്പോള്‍ വിമാനം നന്നായി കുലുങ്ങാന്‍ തുടങ്ങി. പരിശോധിച്ചപ്പോള്‍ വിമാനത്തിന് പിന്നിലെ ചരക്കുകള്‍ കയറ്റനുള്ള വാതില്‍ തുറന്ന് കിടക്കുന്നു. ഇതോടെ വിമാനം അടിയന്തരമായി നവഡയിലെ റെനോ എയര്‍പോര്‍ട്ടിലിറക്കി. സുരക്ഷ സൈന്യം വിമാനം നിലംതൊട്ടതിന് പിന്നാലെ അതിലേക്ക് കുതിച്ചുകയറി, പക്ഷെ കൂപ്പറുടെ പൊടിപോലും അതിലുണ്ടായിരുന്നില്ല. പണം നല്‍കിയ ബാഗും, ബോംബും കൊണ്ട് കൂപ്പര്‍ യാത്രയ്ക്കിടയില്‍ നവഡയിലെ വനാന്തരങ്ങളില്‍ എവിടെക്കോ പാരച്യൂട്ടില്‍ അപ്പോഴേയ്ക്കും ഊളിയിട്ടിരുന്നു.
ഡിബി കൂപ്പര്‍ എന്ന പേര് തന്നെ വിമാന ടിക്കറ്റ് ബുക്കിംഗിന് ഉണ്ടാക്കിയ വ്യാജ പേരായിരുന്നു എന്നാണ് കേസ് അന്വേഷിച്ച എഫ്ബിഐ പിന്നീട് കണ്ടെത്തിയത്. നവഡയിലെ വനാന്തരങ്ങളില്‍ ദിവസങ്ങളോളം തിരിച്ചില്‍ നടത്തിയിട്ടും അമേരിക്കന്‍ പൊലീസിന് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കത്തിയ ചില നോട്ടുകള്‍ കിട്ടിയത് പിന്നീട് വാര്‍ത്തയായെങ്കിലും അതൊന്നും വലിയ ഒരു സൂചനയായി മാറിയില്ല. ആരാണ് ഡിബി കൂപ്പര്‍ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു. പല പല കഥകളും പരന്നു. ഡിബി കൂപ്പറും ആ റാഞ്ചലും മൊത്തത്തില്‍ അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ ഡ്രില്ലായിരുന്നു എന്ന് പോലും കഥ വന്നു. പക്ഷെ ഡിബി കൂപ്പറിന്റെ രേഖ ചിത്രം അടക്കം എഫ്ബിഐ പുറത്തുവിട്ടു. ഡിബി കൂപ്പര്‍ സംഭവത്തിന് ശേഷം ദശബ്ദത്തോളം നവഡയിലെ വനപ്രദേശത്ത് ഡിബി കൂപ്പറുടെ പണബാഗ് എന്ന നിധി തേടി അന്വേഷണം നടത്തിയവരും ഏറെയാണ്.
സംഭവത്തിനു ശേഷം ഡിബി കൂപ്പറെ കഥാപാത്രമായി ഏതാണ്ട് അഞ്ചൊളം നോവലുകളും ഒന്നിലേറെ സിനിമകളും പിന്നീട് വന്നു. നോവലുകളില്‍ പലതും ബെസ്റ്റ് സെല്ലറുകളാണ്. ജെയിംസ് എം കെയിന്‍ 1975ലാണ് ‘റെയിന്‍ബോസ് എന്‍ഡ്’ എന്ന നോവല്‍ എഴുതുന്നത്. 1981ല്‍ റോജര്‍ സ്‌പോട്ടിസ്വുഡ് സംവിധാനം ചെയ്ത ‘പെര്‍സ്യൂട്ട് ഓഫ് ഡിബി കൂപ്പറാണ്’ ആദ്യമായി ഈ സംഭവത്തെ അധികരിച്ച് ഇറങ്ങിയ സിനിമ. ഡിജെ റീഡിന്റെ ഇതേ സംഭവുമായി ബന്ധപ്പെട്ട നോവല്‍ ഫ്രീഫാള്‍ ആണ് ഇതിന്റെ അടിസ്ഥാനം. 2004ല്‍ വിത്ത് ഔട്ട് പെഡല്‍ എന്ന ചിത്രവും ഇതേ സംഭവുമായി അധികരിച്ച് ഇറങ്ങി.
വിവിധ സീരിസുകളുടെ ടിവി പ്രോഗ്രാമുകളുടെയും ഭാഗമായി നിരവധിതവണ ഡിബി കൂപ്പര്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രിസണ്‍ ബ്രേക്ക് പോലുള്ള പരമ്പരകളില്‍ പരോക്ഷമായി ഡിബി കൂപ്പര്‍ സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. അതിന് പുറമേ അടുത്തിടെ വലിയ ചര്‍ച്ചയായ മാര്‍വലിന്റെ ലോക്കി എന്ന സീരിസിലും ഡിബി കൂപ്പര്‍ ഒരു കഥാപാത്രമായി അവതരിപ്പിച്ചിരുന്നു. എന്തായാലും അമേരിക്കന്‍ പോലീസിന്റെ ചരിത്രത്തിലെ ഒരു കറുത്ത പാടായി കൂപ്പര്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. ഏറെ കാലത്തെ വ്യക്തമായ പ്ലാനിങ്ങിലൂടെയാണ് കൂപ്പര്‍ പണം തട്ടിച്ചത് എന്നതും വ്യക്തം. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത ബുദ്ധിമാനായ ഒരാള്‍ ആണ് കൂപ്പര്‍ എന്ന് പറയപ്പെടുന്നു. ഈ സംഭവത്തിനു മുന്‍പും അതിനു ശേഷവും യാതൊരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാതെ തന്റെ പഴയ ജീവിതം തന്നെ തുടരുന്ന ഒരാളായിരുന്നിരിക്കാം കൂപ്പര്‍ എന്നും കുറ്റാന്വേഷണ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.