മര്യാദയ്ക്ക് റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പുറത്തു പോകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
സംസ്ഥാനത്തെ റോഡുകള്‍ എല്ലാം കുണ്ടും കുഴിയും ആയിട്ട് കാലങ്ങളായി. സമയത്ത് അറ്റകുറ്റ പണികള്‍ നടത്താതെ ജനങ്ങളുടെ നടു ഒടിക്കുന്ന ഇടങ്ങളായി റോഡുകള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ മൗനം പാലിക്കുമ്പോള്‍ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നു. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെടലിനെ തുടര്‍ന്ന് നന്നാക്കിയ റോഡുകള്‍ ഈ വര്‍ഷം പഴേപടി ആയെന്നും കോടതി നിരീക്ഷിച്ചു. അതേസമയം റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ പറഞ്ഞു. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി തിരിച്ച് മറുപടി നല്‍കി. തുടരുന്ന മഴയാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നിരത്തുന്ന ന്യായം. എന്നാല്‍ നല്ല രീതിയില്‍ നിര്‍മ്മിച്ച പല റോഡുകളും ഇപ്പോഴും നല്ലത് പോലെ നിലനില്‍ക്കുന്നുണ്ട്. വന്‍ വെട്ടിപ്പാണ് റോഡ് പണികളില്‍ നടക്കുന്നത് എന്ന ആരോപണം ശക്തമാണ്.