ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എവിടെ എന്ന് ലോകായുക്ത

വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എവിടെയെന്ന് ലോകായുക്ത. ഷാഹിദയുടെ സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ലോകായുക്ത വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ഷാഹിദയുടെ അഭിഭാഷകനോട് ലോകായുക്ത ഇക്കാര്യം ചോദിച്ചത്. നേരത്തെ വിയറ്റ്‌നാം സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് മാറ്റി. കസാഖിസ്ഥാന്‍ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ രേഖകളും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ഷാഹിദ കമാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റും ഉണ്ടെന്ന് വിശദീകരിച്ചു. സാമൂഹിക നീതി വകുപ്പില്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍, വിയറ്റ്‌നാം സര്‍വകലാശാലയില്‍ നിന്ന് സ്ത്രീ ശാക്തീകരണത്തിന് ഡോക്ടറേറ്റ് ഉണ്ടെന്ന് ഷാഹിദ കമാല്‍ അറിയിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്. ഓഗസ്റ്റ് മൂന്നിന് പരാതി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഷാഹിദയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. പരാതി നല്‍കി രണ്ടുമാസം കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കാന്‍ ഷാഹിദയുടെ അഭിഭാഷകന്‍ തയാറായില്ല. ഇതേതുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പരാതി വീണ്ടും പരിഗണിച്ച ലോകായുക്ത, വിശദീകരണവും രേഖകളും സമര്‍പ്പിക്കാന്‍ ഷാഹിദയോട് നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്ന് ഷാഹിദ കമാല്‍ ലോകായുക്തക്ക് വിശദീകരണം നല്‍കിയത്. സാമൂഹിക രംഗത്ത് താന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഓണററി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം. തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി. 2009ലും 2011ലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പിഴവുപറ്റിയെന്ന് ഷാഹിദ കമാല്‍ ലോകായുക്തക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. കേരള സര്‍വകലാശാലയില്‍ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷനില്‍ നല്‍കിയ രേഖ. എന്നാല്‍ 2016ല്‍ അണ്ണാമല സര്‍വകലാശാലയില്‍ നിന്നുമാണ് താന്‍ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.