കേരളത്തില്‍ പൊലീസ് രാജ് എന്ന് എ .ഐ.എസ്.എഫ്
ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്.എഫ്. സംസ്ഥാനത്ത് പൊലീസ് രാജെന്ന് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബു ആരോപിച്ചു. ആലുവ സിഐ സുധീറിനെതിരെ പരാതി നല്‍കാനെത്തിയ 17 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് പി ഓഫിസിന് മുന്നില്‍ കുത്തിയിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം പൊലീസിന്റെ സമീപനം വളരെ മോശമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സമരം ചെയ്യാന്‍ നിങ്ങള്‍ ആരാണെന്ന് ചോദിച്ച പൊലീസ് എല്‍.എല്‍.ബി ഭാവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
അതേസമയം പൊലീസ് ആസ്ഥാനം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആലുവ നിയോജകമണ്ഡലത്തില്‍ കീഴ്മാട് ഇടയപ്പുറത്ത് ആത്മഹത്യ ചെയ്ത എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും നീതി ലഭിയ്ക്കുവാനുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
മോഫിയയോട് മോശമായി പെരുമാറിയ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടതിന് പകരം പൊലീസ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊതുസമീപനം തന്നെ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കലാണ്. 744 പൊലീസ് ഉദ്യോഗസ്ഥരാണ് ഗുരുതരമായ ക്രമിനല്‍ കേസുകളില്‍ പ്രതികളായിട്ടും ഇപ്പോഴും കാക്കി യൂണിഫോമില്‍ വിലസുന്നത്. നിരപരാധിയായ നിയമ വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം കാരണമാണ്. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടണം. ഉത്രവധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ഈ പൊലീസുകാരനെ നേരത്തെ പുറത്താക്കിയിരുന്നെങ്കില്‍ മോഫിയ രക്ഷപ്പെടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ആലുവയില്‍ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാത്രിയിലും സ്റ്റേഷന്‍ ഉപരോധം തുടര്‍ന്ന് കോണ്‍ഗ്രസ്. മോഫിയയുടെ അമ്മയും സമരസ്ഥലത്ത് എത്തി. പൊലീസ് കരുണ കാണിച്ചിരുന്നെങ്കില്‍ മകള്‍ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം. ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സി ഐ സുധീറിനെ സസ്‌പെന്റ് ചെയ്യും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കുടുംബവും കോണ്‍ഗ്രസും.