മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്തു ; എസ്.പി ഓഫീസിന് മുന്നില്‍ സംഘര്‍ഷം

ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥി മൊഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റൂറല്‍ എസ്.പിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്. അല്‍ ഹസ്സര്‍ കോളേജില്‍ മൊഫിയയുടെ സഹപാഠികളായ 17 നിയമവിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

എന്നാല്‍ എസ്.പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനലാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ എ.ആര്‍ ക്യാപിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാര്‍ത്ഥികള്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു. പിന്നീട് എസ്.പിയെ നേരില്‍ കണ്ട് പരാതി നല്‍കണം എന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 17 പേരെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു. എന്നാല്‍ ഇവര്‍ എസ്.പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോള്‍ അറസ്റ്റ് ചെയ്തു നീക്കിയെന്നാണ് പൊലീസ് ഭാഷ്യം. മൊഫിയ പര്‍വീണിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന മുന്‍ ആലുവ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വി?ദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

പൊലീസിന്റെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാരണമില്ലാതെയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. അതിനിടെ സംഭവത്തില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍. മോഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃ പിതാവ് യൂസഫ്(63), ഭര്‍തൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

ഇന്ന് രാവിലെ 10.30 ഓടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്.