ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. . ഒ.ടി.ടി പ്ലാറ്റ്‌ഫോം കമ്പനികളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. തീയറ്റര്‍ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മുന്‍നിര നിര്‍മാതാക്കളുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് റിലീസ് ചെയ്തത്. ഈ ഇടപാടുകള്‍ നിയമാനുസൃതമായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം. കൊച്ചി ആദായ നികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.

ആന്റ്ണി പെരുമ്ബാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് ആദ്യം സംഘം റെയ്ഡിനെത്തിയത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്ബനി ഓഫീസിലുമാണ് പരിശോധന നടന്നത്. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതായാണ് വിവരം. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. റെക്കോര്‍ഡ് തുകയ്ക്കാണ് ദൃശ്യം 2 ഒടിടി അവകാശം ആമസോണ്‍ സ്വന്തമാക്കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവും ഒടിടി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഒടിടി അവകാശവും വന്‍ തുകയ്ക്ക് കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.