അപകട സമയം മോഡലുകളുടെ വാഹനത്തെ ഔഡി കാറില്‍ പിന്തുടര്‍ന്ന വ്യക്തി അറസ്റ്റില്‍

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടസമയം അവരെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ അറസ്റ്റില്‍. നരഹത്യ, അനുവാദമില്ലാതെ പിന്തുടരുക എന്നീ വകുപ്പുകള്‍ ആണ് സൈജുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഡലുകളായ യുവതികള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായകമായ അറസ്റ്റാണ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഒരുതവണ ചോദ്യം ചെയ്യലിനു ശേഷം സൈജു തങ്കച്ചനെ പോലീസ് വിട്ടയച്ചിരുന്നു.

വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയിരുന്നില്ല. പിന്നീട് നോട്ടീസ് നല്‍കിയാണ് സൈജുവിനെ വീണ്ടും വിളിച്ചുവരുത്തിയത്. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ സൈജുവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. അതേസമയം കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ പോലീസിനായിട്ടില്ല. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ സഹായത്താല്‍ പരിശോധന നടത്തിയെങ്കിലും ഇത് കണ്ടെത്താനായിട്ടില്ല. ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞു കളഞ്ഞു എന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി.

ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെ എക്‌സൈസ് ചോദ്യം ചെയ്യും. ഹോട്ടലില്‍ ലഹരിപാര്‍ട്ടി നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നീക്കം. നമ്പര്‍ 18 (Number18) ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന പരാതിയില്‍ ജില്ല എക്‌സൈസ് മേധാവി എക്സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ട്. ഒക്ടോബര്‍ 23 ന് സമയം ലംഘിച്ച് മദ്യം വിളമ്പിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31 ന് സമയം ലംഘിച്ച് ഹോട്ടലില്‍ വീണ്ടും മദ്യം വിളമ്പിയതായി എക്‌സൈസ് കണ്ടെത്തി. കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകള്‍ക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കി എന്ന നിഗമനത്തില്‍ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നമ്പര്‍ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നല്‍കുന്നതാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഹോട്ടലിന്റെ തൊട്ട് സമീപത്ത് തന്നെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷനും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസും. എന്നാല്‍ നാളിതു വരെയായി യാതൊരു വിധ പോലീസ് ഇടപെടലും ഹോട്ടലില്‍ ഉണ്ടായിട്ടില്ല. കൊച്ചിയിലെ സിനിമാ ഫാഷന്‍ മേഖല അടക്കമുള്ളവരുടെ ഇഷ്ട്ട സ്ഥലമാണ് നമ്പര്‍ 18 ഹോട്ടല്‍. മോഡലുകളുടെ മരണം സംബന്ധിച്ച ദുരൂഹമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് ഹോട്ടലില്‍ തന്നെയാണ് എന്ന വിശ്വാസത്തിലാണ് പോലീസ് .