അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു കുഞ്ഞുങ്ങള്‍
ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ ഉള്ള സംസ്ഥാനമായി കേരളം തല ഉയര്‍ത്തി നില്‍ക്കുന്ന അതെ ദിവസം തന്നെ അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പന്‍ ദമ്പതിമാരുടെ 10 മാസം പ്രായമായ അസന്യ എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. ഇന്ന് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ശിശുമരണമാണ് ഇത്.
കുട്ടി ഹൃദ്രോഗിയായിരുന്നു. ഇതിനുള്ള ചികിത്സ കഴിഞ്ഞ കുറച്ച് കാലങ്ങളായി നല്‍കിവരികയായിരുന്നു. മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടര്‍ന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി. ഇന്ന് മരിച്ച ആണ്‍കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മരണമെന്നാണ് പറയുന്നത്.
അതേസമയം തുടരെയുള്ള ശിശുമരണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ നാല് കുഞ്ഞുങ്ങള്‍ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. അഗളി, പുത്തൂര്‍ പഞ്ചായത്തുകളിലാണ് മരണങ്ങളുണ്ടായത്. നേരത്തെയും സമാനമായ രീതിയില്‍ അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. അന്ന് പോഷകാഹാരത്തിന്റെ കുറവാണു മരണത്തിനു കാരണമായി കണ്ടെത്തിയത്. അട്ടപ്പാടിയിലെ നവജാത ശിശുമരണത്തില്‍ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പട്ടികവര്‍ഗ ഡയറക്ടര്‍ പിവി അനുപമയ്ക്കാണ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10 മണിക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ അഗളിയില്‍ യോഗം ചേരും.
നിതി ആയോഗ് തയ്യാറാക്കിയ ആദ്യ ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ) പ്രകാരമാണ് ഏറ്റവും ദരിദ്രര്‍ കുറവുള്ള സംസ്ഥാനമായി കേരളം മാറിയത്. ഇവിടെ .71 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍. അതേസമയം ബീഹാറാണ് ഏറ്റവുമധികം ദരിദ്രരുള്ള സംസ്ഥാനം. ബീഹാറില്‍ ജനസംഖ്യയുടെ 51. 91 ശതമാനം പേര്‍ ദരിദ്രരാണ്. ഏറ്റവുമധികം ദരിദ്രരുള്ള സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡ് (42.16), ഉത്തര്‍പ്രദേശ് (37.79) എന്നിവയാണ് ബിഹാറിന് തൊട്ടുപിന്നില്‍. ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശ് (36.65 ശതമാനം), മേഘാലയ (32.67 ശതമാനം) എന്നിവ ഉള്‍പ്പെടുന്നു.