ഓമിക്രോണ്‍ ഭീതിയില്‍ ലോകം
ലോകത്തിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണയുടെ പുതിയ വകഭേദം ആയ ഓമിക്രോണ്‍. ലോകമെമ്പാടും കോവിഡ് വകഭേദം നാശം വിതയ്ക്കാന്‍ ഒരുങ്ങുകയാണെന്നുള്ള ആശങ്കയിലാണ് ആരോഗ്യ വിദഗ്ദ്ധര്‍. ഓമിക്രോണ്‍ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്റ് അതിന്റെ വര്‍ദ്ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. പുതിയ വകഭേദത്തിന്റെ ഉറവിടം ദക്ഷിണാഫ്രിക്കയില്‍ നിന്നാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ കരുതുന്നത്. ഈ മാസം നവംബര്‍ 9 ന് ശേഖരിച്ച ഒരു സാമ്പിളിില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരില്‍ ഒമൈക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയായിരിക്കും ഒമൈക്രോണ്‍ എന്ന പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുതിയ വൈറസില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നു. അതിനാല്‍ ഈ വൈറസിന് നിലിവിലെ വാക്സിന്റെ പ്രതിരോധത്തെ മറികടക്കാനുള്ളശേഷി വര്‍ദ്ധിച്ചേക്കുമെന്നുള്ള ആശങ്കകളുമുണ്ട്.
ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള മറ്റ് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് അടക്കം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്. ഈ പ്രദേശങ്ങളില്‍ നിന്ന് യാത്രയ്ക്ക് യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ,യുഎഇ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണമേര്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്കയിലെ ഗ്വാട്ടെങ് പ്രവിശ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 24-നാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ഗ്വാട്ടെങ്ങിന്റെ ഭാഗമായ ഷ്വാനില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ നിന്ന് 30% ആയി ഉയര്‍ന്നു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ വൈറസ് സാര്‍സ് കോവ് 2 വൈറസിന്റെ പുതുതായി രൂപപ്പെട്ട വകഭേദമാണ് ഒമിക്രോണ്‍. പുതിയ വകഭേദമായതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള അറിവ് ഇപ്പോള്‍ പരിമിതമാണെങ്കിലും ആരോഗ്യ വിദ്ഗ്ദ്ധര്‍ ഈ വൈറസിനെ സംബന്ധിച്ച് മുന്നിറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദത്തിന്റെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തെക്കുറിച്ച് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച വൈകിട്ടോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരും കേസുകള്‍ കണ്ടെത്തിയ രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്നവരും ഇന്ത്യയില്‍ കടന്നാല്‍ നിര്‍ബന്ധമായും പരിശോധനകള്‍ നടത്തണണമെന്നും, ഫലം പോസിറ്റീവ് ആയവരുടെ സാമ്പിളുകള്‍ ഇന്‍സാകോഗ് എന്ന ‘ഇന്ത്യ സാര്‍സ് കോവ്2 ജീനോം കണ്‍സോര്‍ഷ്യ’ത്തിലേക്ക് അധികൃതര്‍ അയയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനോ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പൊതുഇടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാനാണ് നിര്‍ദേശം. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുചടങ്ങുകളില്‍ ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധരുമായി ചര്‍ച്ച നടത്തും. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാവെ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമുണ്ടാകും.