ഒമിക്രോണ്‍ ജാഗ്രതയില്‍ ലോകം , വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി. റിസ്‌ക്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. 12 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, , ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂര്‍, സിംബാബ്വേ, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ പട്ടികയിലില്ല. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം.
ഓമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവര്‍, എയര്‍ സുവിധ പോര്‍ട്ടലില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നല്‍കണം. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം ഉള്‍പ്പെടുത്തണം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. കൊവിഡിന്റെ ഒമിക്രോണ്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തില്‍ നിന്നും പോകാന്‍ പാടുള്ളു. നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ ജീനോം സീക്വന്‍ സിംഗിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റും.
കപ്പല്‍ മാര്‍ഗം എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. നിബന്ധനകള്‍ ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതേ സമയം ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സാഹചര്യം പരിശോധിച്ച് മാത്രമേ 15ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ. ഒമിക്രോണിന്റെ തീവവ്യാപന ശേഷി സംബന്ധിച്ച് വ്യക്തമായ തെളിവില്ലാത്ത പശ്ചാത്തലത്തില്‍ പരിഭ്രാന്തി വേണ്ടെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും സര്‍ക്കാര്‍ ജാഗ്രത കൂട്ടുകയാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.