ത്രിപുര തൂത്തുവാരി ബിജെപി ; സിപിഎമ്മും തൃണമുലും നിലംപറ്റി

ത്രിപുരയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ ജയം. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകള്‍ എല്ലാം ബിജെപി തൂത്തുവാരിയപ്പോള്‍ സിപിഎമ്മും തൃണമുലും തകര്‍ന്നടിഞ്ഞു. 13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഗര്‍ത്തല കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടന്നത്. 51 അംഗ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) എല്ലാ സീറ്റുകളിലും വിജയിക്കുകയും മറ്റ് നിരവധി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയിക്കുകയും ചെയ്തുകൊണ്ടാണ് ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി തൂത്തുവാരിയത്.

പ്രതിപക്ഷമായ ടിഎംസിയും സിപിഎമ്മും അഗര്‍ത്തല കോര്‍പറേഷനില്‍ അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടു. 15 അംഗ ഖോവായ് മുനിസിപ്പല്‍ കൗണ്‍സില്‍, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പല്‍ കൗണ്‍സില്‍, 15 അംഗ കുമാര്‍ഘട്ട് മുനിസിപ്പല്‍ കൗണ്‍സില്‍, ഒമ്പത് അംഗ സബ്‌റൂം നഗര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും ബിജെപി നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 25 വാര്‍ഡുകളുള്ള ധര്‍മനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലും 15 സീറ്റുകളുള്ള തെലിയമുറ മുനിസിപ്പല്‍ കൗണ്‍സിലിലും 13 അംഗ അമര്‍പൂര്‍ നഗര്‍ പഞ്ചായത്തിലും ബിജെപി തൂത്തുവാരി. സോനമുറ നഗര്‍ പഞ്ചായത്തും മേലാഘര്‍ നഗര്‍ പഞ്ചായത്തും ബിജെപി 13 സീറ്റുകള്‍ വീതം നേടിയതോടെ പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമായി. 11 അംഗ ജിറാനിയ നഗര്‍ പഞ്ചായത്തും ബിജെപി വിജയിച്ചു.അംബാസ മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപി 12 സീറ്റുകള്‍ നേടിയപ്പോള്‍ ടിഎംസിയും സിപിഎമ്മും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഓരോ സീറ്റും ലഭിച്ചു.